യുവതിയെ കൊന്ന് മൃതദേഹം ഫാനില്‍ കെട്ടിത്തൂക്കി മുറിച്ചു; ബിരിയാണിച്ചെമ്പില്‍ ശരീരഭാഗങ്ങള്‍; ബാക്കി ട്രെയിനില്‍ ഉപേക്ഷിച്ചു

യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രെയിനില്‍ ഉപേക്ഷിച്ച കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആഗ്രയിലെത്തിയ തമിഴ്നാട് എക്സ്പ്രസിന്റെ ജനറല്‍ കോച്ചിലാണ് ചുവന്ന സ്യൂട്ട്‌കേസിനുള്ളില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ അന്വേഷണം ചെന്നൈയിലെ ഗുഡുവാഞ്ചേരിയിലേക്ക് വ്യാപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഗുഡുവാഞ്ചേരിയില്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന ദമ്പതികളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ചെന്നൈ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനിലെയും പരിസര പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നിർണായക വിവരങ്ങള്‍ ലഭിച്ചത്. മധ്യവയസ്കനായ ഒരാളും സ്ത്രീയും ചുവന്ന സ്യൂട്ട്‌കേസുമായി സെൻട്രല്‍ സ്റ്റേഷനിലെത്തുകയും തമിഴ്നാട് എക്സ്പ്രസില്‍ കയറുകയും ചെയ്തതായി ദൃശ്യങ്ങളില്‍ വ്യക്തമായി. ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് സ്യൂട്ട്‌കേസ് ട്രെയിനില്‍ ഉപേക്ഷിച്ച്‌ ഇരുവരും പുറത്തിറങ്ങി.

ഗുഡുവാഞ്ചേരിയില്‍ ഇറങ്ങി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. ഗുഡുവാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി 200ലേറെ സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. അന്വേഷണത്തില്‍ ഇരുവരും ഗുഡുവാഞ്ചേരിയിലെ മസ്ജിദ് സ്ട്രീറ്റിലുള്ള വാടകവീട്ടില്‍ നിന്ന് അതേ ചുവന്ന സ്യൂട്ട്‌കേസുമായി പുറത്തേക്ക് പോയതായി കണ്ടെത്തി. പൊലീസ് വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ഗുഡുവാഞ്ചേരി പൊലീസിന്റെ സഹായത്തോടെ ആഗ്ര റെയില്‍വേ പൊലീസ് വീട്ടില്‍ പരിശോധന നടത്തി.

പ്രാഥമിക അന്വേഷണത്തില്‍ ഒഡീഷ സ്വദേശികളായ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഏതാനും ദിവസങ്ങളായി ഈ വീട്ടില്‍ താമസിച്ചിരുന്നതായി കണ്ടെത്തി. കൊല്ലപ്പെട്ടത് ഇവരില്‍ ഒരാളാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

യുവതിയെ വീട്ടിനുള്ളില്‍ വെച്ചാണ് കൊലപ്പെടുത്തിയതെന്നും പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കി സ്യൂട്ട്‌കേസിലാക്കിയെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സീലിംഗ് ഫാനില്‍ തൂക്കിയിട്ടാണ് മൃതദേഹം വെട്ടിമുറിച്ചത്. ബിരിയാണിച്ചെമ്പില്‍ മറ്റ് ശരീര ഭാഗങ്ങളും കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം എന്നിവ ഇതുവരെ വ്യക്തമായിട്ടില്ല.

ആഗ്ര റെയില്‍വേ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലെത്തി തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ അന്വേഷണം തുടരുകയാണ്.

ഓഗസ്റ്റ് ആറിനാണ് ചുവന്ന സ്യൂട്ട്‌കേസില്‍ മൃതദേഹം കണ്ടെത്തിയത്. സ്യൂട്ട്‌കേസില്‍ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് യാത്രക്കാർ റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആഗ്ര റെയില്‍വേ പൊലീസ് സ്യൂട്ട്‌കേസ് തുറന്നപ്പോഴാണ് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്.