പാക്കിസ്ഥാൻ ഭീകരർക്കൊപ്പം ; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത ജെയ്ഷെ മുഹമ്മദ് ആസ്ഥാനം പുഃനർനിർമ്മിച്ചു ; പാക് സർക്കാർ നൽകിയത് 25 കോടി

ന്യൂഡൽഹി : കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വ്യോമാക്രമണത്തിൽ തകർന്ന പാകിസ്ഥാനിലെ ബഹാവൽപൂരിലുള്ള ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ആസ്ഥാനമായ മർകസ് സുബ്ഹാൻ അല്ലാ കേന്ദ്രം പാകിസ്ഥാൻ പൂർണ്ണമായും പുനർനിർമ്മിച്ചതായി റിപ്പോർട്ട്. ഇന്ത്യ ടുഡേ ടി വി പുറത്തുവിട്ട പുതിയ ദൃശ്യങ്ങളിലാണ് ഈ വിവരങ്ങൾ വ്യക്തമാകുന്നത്.

പഞ്ചാബ് പ്രവിശ്യയിലുള്ള ഈ ഭീകരകേന്ദ്രം പുതിയ മാർബിളുകൾ, പെയിന്റിംഗ്, പ്ലാസ്റ്ററിംഗ് എന്നിവ നടത്തി കേടുപാടുകൾ തീർക്കുകയായിരുന്നു. തകർന്ന താഴികക്കുടങ്ങൾ പുനർനിർമ്മിക്കുകയും സെൻട്രൽ ഹാളിലെ വലിയ കുഴികൾ നികത്തുകയും ചെയ്തു. ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾ പൂർണ്ണമായും മറച്ചുവെക്കുന്ന രീതിയിലാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

കേന്ദ്രത്തിന്റെ പുനർനിർമ്മാണത്തിനായി പാകിസ്ഥാൻ ഔദ്യോഗിക സംവിധാനങ്ങൾ വഴി 25 കോടി പാകിസ്ഥാനി രൂപ ഘട്ടംഘട്ടമായി പണമായി നൽകിയതായി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ സെൻട്രൽ ഹാളിന്റെ നിർമ്മാണത്തിന് മാത്രം 11 കോടി പാകിസ്ഥാനി രൂപ ചെലവഴിച്ചു. പ്രധാന സമുച്ചയത്തിന് സമീപമുള്ള മദ്രസ അൽ സാബിർ, ഭീകര കമാൻഡർമാരുടെ താമസസ്ഥലങ്ങൾ എന്നിവയും മാറ്റി പുതിയ നിർമ്മാണങ്ങൾ നടത്തിയിട്ടുണ്ട്.

2025 മെയ് 7 നാണ് 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകരകേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തിയത്. ആക്രമണം നടന്ന് 15 മാസത്തിന് ശേഷമാണ് ബഹാവൽപൂരിലെ ഈ കേന്ദ്രം പൂർണ്ണമായി പ്രവർത്തനക്ഷമമാക്കുന്നത്.

അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന 18 ഏക്കർ വിസ്തൃതിയുള്ള ഉസ്മാൻ ഒ അലി കാമ്പസ് എന്നറിയപ്പെടുന്ന ഈ കേന്ദ്രം, ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലനം നൽകുന്നതിനുമാണ് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. 2001 ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2016 ലെ പഠാൻകോട്ട് വ്യോമസേനാ താവള ആക്രമണം, 2019 ലെ പുൽവാമ ഭീകരാക്രമണം എന്നിവയുടെ ആസൂത്രണം നടത്തിയത് ഈ കേന്ദ്രത്തിലാണ് എന്നാണ് വിവരം.

ഇന്ത്യ നടത്തിയ ആക്രമണത്തിൽ ജെയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ 10 ബന്ധുക്കൾ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാൻ ആർമിയുടെ 31 കോർപ്സ് ആസ്ഥാനത്തിന് തൊട്ടടുത്താണ് ഈ ഭീകരകേന്ദ്രം സ്ഥിതി ചെയ്യുന്നത്. 2002 ൽ ജെയ്ഷെ മുഹമ്മദിനെ നിരോധിച്ചതായി പ്രഖ്യാപിച്ചെങ്കിലും പാക് സർക്കാരിന്റെ സംരക്ഷണത്തിൽ ഈ സംഘടന ഇപ്പോഴും അവിടെ സജീവമായി പ്രവർത്തിക്കുകയാണ്.