ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം; കുട്ടികളടക്കം ഒൻപത് പേർക്ക് പരുക്ക്

മസ്‌കത്ത്∙ ഒമാനിലെ ഹൈമയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കൊല്ലം കുണ്ടറ സ്വദേശിനി സുലേഹ ശഹിന്‍ മരിച്ചു. കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

മാതാപിതാക്കളും കുട്ടികളും ഉള്‍പ്പെടുന്ന രണ്ട് കുടുംബങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം സുല്‍ത്താന്‍ സയീദ് ബിന്‍ തൈമൂര്‍ സ്ട്രീറ്റില്‍ നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി മറിയുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ഒൻപത് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഒമാന്‍ പൊലീസ് സ്ഥിരീകരിച്ചു.

അപകടത്തില്‍ പരുക്കേറ്റവരില്‍ രണ്ടുപേരെ ഒമാന്‍ പൊലീസ് എയര്‍ വിങ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നിസ്‌വ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് പരുക്കേറ്റവരെ ആംബുലന്‍സ് വാഹനങ്ങളിലും ആശുപത്രിയിലെത്തിച്ചു. പരുക്കേറ്റവര്‍ക്ക് നിസ്‌വ ആശുപത്രിയില്‍ ആവശ്യമായ ചികിത്സ നല്‍കിവരികയാണ്.