മാഞ്ചസ്റ്റർ: ജോലിക്ക് പോകേണ്ട ദിവസമായിരുന്നു ഷൈമിക്ക്, എന്നാല്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് ജോയല്‍ കണ്ടത് ഭാര്യയെ മരിച്ച നിലയില്‍.
റോയല്‍ മാഞ്ചസ്റ്റർ ചില്‍ഡ്രൻസ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്തിരുന്ന തൃശൂർ പീച്ചി പതിപ്പറമ്പില്‍ വീട്ടില്‍ കുഞ്ഞുമോൻ പി.വിയുടെ മകള്‍ ഷൈമി പി.കെ. (28) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ 8.05ഓടെയാണ് സംഭവം. അന്നേദിവസം ഷൈമിക്ക് ഡ്യൂട്ടിയുണ്ടായിരുന്നെങ്കിലും, ജോലിക്ക് പോകേണ്ട സമയത്ത് വീട്ടില്‍ തന്നെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് ജോയലാണ് ഷൈമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പഠനത്തിനായി യുകെയിലെത്തിയ ജോയലും നഴ്സായ ഷൈമിയും ഒരു വർഷം മുൻപാണ് വിവാഹിതരായത്. കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും കറിമുട്ട് വട്ടക്കാലായില്‍ സ്വദേശിയുമായ പാസ്റ്റർ മോനി ചാക്കോ ജോർജിന്റെ മകനാണ് ജോയല്‍. ഷൈമിയുടെയും ജോയലിന്റെയും സഹോദരന്മാരും യുകെയിലുണ്ട്.
2021 ഡിസംബറിലാണ് ഷൈമി യുകെയിലെത്തിയത്. പീച്ചി മാറായിക്കല്‍ ഐപിസി എബനേസർ സഭാംഗമായിരുന്നു. ഷൈമിയുടെ മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തുടർനടപടികള്‍ പൂർത്തിയായ ശേഷമേ ലഭ്യമാകൂ.
മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. സംസ്കാര ശുശ്രൂഷകളുടെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും. യുകെയിലെ നടപടിക്രമങ്ങള്‍ പൂർത്തിയായ ശേഷമായിരിക്കും മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുക.




