അന്നും ഇന്നും, ഒരു തിരിഞ്ഞുനോട്ടം!

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

യഹോവേ ഞങ്ങൾ മടങ്ങിവരേണ്ടതിന് ഞങ്ങളെ നിങ്കലേക്ക് മടക്കി വരുത്തണമേ ഞങ്ങൾക്ക് പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തണമേ. (വിലാപങ്ങൾ 5: 21) ഒരു ഭക്തൻ്റെ കണ്ണുനീരിൽ കുതിർന്ന വാക്കുകളത്രേ ഇത്. അകന്നുപോയ ജനം, ദൈവത്തെ മറന്നുപോയ ജീവിതങ്ങൾ. പിന്നിട്ടു പോയ നല്ല ദിനങ്ങൾ ഓർത്ത് നെടുവീർപ്പിട്ട് കരയുന്ന പ്രവാചകൻ.

അന്ന് ഓണം ഇല്ലായിരുന്നു, എന്നാൽ ഒരുമനപ്പെട്ട കൂട്ടായ്മയുണ്ടായിരുന്നു. സദസും സംഘാടകരും ഇല്ലായിരുന്നു എന്നാൽ സഭയുണ്ടായിരുന്നു. ആഘോഷങ്ങൾ ഒന്നുമില്ലായിരുന്നു എന്നാൽ അനുഭവം പ്രാപിച്ചവർ ഉണ്ടായിരുന്നു, ബർത്ത്ഡേയുടെ കേക്കുകൾ മുറിച്ചിരുന്നില്ല, എന്നാൽ വചനം മുറിക്കപ്പെട്ടു, ഹൃദയങ്ങൾ തുറക്കപ്പെട്ടു. സമ്പത്ത് കുറവായിരുന്നു എന്നാൽ, യഹോവയുടെ സഖിത്വം ഒട്ടും കുറഞ്ഞിരുന്നില്ല. കലവറകൾ കാലി എങ്കിലും കാത്തിരിപ്പ് യോഗങ്ങൾക്ക് ഒട്ടും കുറവില്ലായിരുന്നു വിരുതന്മാർ ഇല്ലായിരുന്നു, വിശുദ്ധന്മാരുടെ കൂട്ടം എവിടെയും ഉണ്ടായിരുന്നു. വേർപാടും വിശുദ്ധിയും അവരുടെ അടിതറയായിരുന്നു, വൈരാഗ്യവും വിദ്വേഷവും കേട്ടു കേൾവി പോലും ഇല്ലായിരുന്നു. അഭിഷേകം വ്യാപരിച്ചപ്പോൾ, അനന്യാസുമാർ പുറത്തുപോയി. മാനസാന്തരം നദിപോലെ ഒഴുകി, മുറുതലിപ്പും, മത്സരവും എങ്ങുമേ ഇല്ലായിരുന്നു. കാശ് കുറവായിരുന്നു, എന്നാൽ കരയുന്ന കണ്ണുകൾ അന്ന് അനവധിയുണ്ടായിരുന്നു. കാണുന്നത് താൽക്കാലികം എന്നവർ പാടി, കാണാത്തതിനുവേണ്ടി കാത്തിരുന്നു. കാഴ്ചകൾ കാണുവാൻ ഉലകം ചുറ്റിയില്ല, കർത്താവിൻ്റെ പാദപീഠത്തിങ്കൽ മുഴങ്കാൽ മുടക്കി. മുതലക്കണ്ണീർ ആരും ഒഴുക്കിയില്ല, മുതൽമുടക്കിയവനെ ഹൃദയം തുറന്ന് സ്നേഹിച്ചു.

ഉപവാസത്തിൻ്റെ ദിനങ്ങൾ നീണ്ടു പോയിരുന്നെങ്കിലും ഉന്മേഷം കുറഞ്ഞിരുന്നില്ല. ഉച്ചയൂണും, ഉച്ചയുറക്കവും ഇല്ലായിരുന്നു, എന്നാൽ ഉയർപ്പിൻ്റെ ശക്തി അവരുടെ വിശ്വാസ ജീവിതത്തിൻ്റെ നങ്കൂരമായിരുന്നു. മൈക്ക് സെറ്റുകളില്ലായിരുന്നു, എന്നാൽ മനം തകർന്നവരുടെ എണ്ണം അധികമായിരുന്നു. കഷ്ടതയുടെ നടുവിൽ കൂടി അവർ യാത്ര ചെയ്തു, എങ്കിലും കപടമില്ലായിരുന്നു. വിദേശയാത്രകൾ കൂടെക്കൂടെ ഇല്ലായിരുന്നുവെങ്കിലും, വിശുദ്ധിക്ക് വേണ്ടി അവർ എന്നും ഓടി കൊണ്ടിരുന്നു. പ്രശസ്തിയില്ലായിരുന്നു, എങ്കിലും പ്രവചനത്തിൻ്റെ ദൂതുകൾ വെടിയുണ്ടപോലെ എല്ലായിടത്തും പാഞ്ഞു ചെന്ന് തുളച്ചു കയറി. പ്രമാണിത്തം അവരിൽ തീണ്ടിയില്ല, എങ്കിലും അവർ പ്രാണനെ കൊടുക്കുവാൻ തയ്യാറായിരുന്നു. അലങ്കാരമില്ലായിരുന്നു, എന്നാൽ അനുസരിക്കുന്നവരുടെ കൂട്ടം ദേശത്ത് വർദ്ധിച്ചു. ആത്മാക്കളുടെ എണ്ണം പെരികിയിരുന്നു, ആഖാൻ്റെ പ്രവർത്തികൾ ഇല്ലായിരുന്നു . തട്ടിട്ട വീടുകൾ അവർക്കില്ലായിരുന്നു, എങ്കിലും താമസം വിനാ കർത്താവ് വരുമെന്നവർ കാത്തിരുന്നു.

പുത്തനുടുപ്പുകൾ ഇല്ലായിരുന്നുവെങ്കിലും, പുതിയ പാട്ടുകൾ ആത്മാവിൽ പാടി അവർ സന്തോഷിച്ചു. കറുത്ത പുസ്തകം മാറോടു ചേർത്തു പിടിച്ചു, കറുത്ത ദിനങ്ങൾ അവർ തരണം ചെയ്തു. അർദ്ധരാത്രിയുടെ അനുഭവങ്ങളിൽ, ആനന്ദത്തോടെ അവർ പാടി കാരാഗ്രഹത്തിൻ്റെ വാതിലുകൾ അവരുടെ മുമ്പിൽ തുറക്കപ്പെട്ടു. ബിരുദങ്ങൾ ഇല്ലായിരുന്നെങ്കിലും ബലമുള്ളവൻ്റെ കരങ്ങളിൽ വിഷയങ്ങൾ കൊടുത്തു. നട്ടം തിരിഞ്ഞപ്പോഴും, നാവുകളിൽ അവർക്ക് വചനം ഉണ്ടായിരുന്നു, അത് തലമുറകൾക്ക് കൈമാറി. കെട്ടിടങ്ങൾ ഒന്നുമില്ലായിരുന്നു എങ്കിലും, കത്തുന്ന ഹൃദയം അവരുടെ കൈമുതൽ ആയിരുന്നു. അന്യഭാഷ അവർ സംസാരിച്ചിരുന്നു, എന്നാൽ അന്യ രാജ്യങ്ങൾ അവർക്കറിയില്ലായിരുന്നു. പ്രീതി സമ്പാദിക്കുവാൻ ആരെയും കെട്ടിപ്പിടിച്ചില്ല, എന്നാൽ പ്രമാണത്തെ കെട്ടിപ്പിടിച്ചു. അവർ സഭയുടെ തൂണുകളും, തുരുമ്പില്ലാത്തവരുമായിരുന്നു. ഭക്തിയുടെ വേഷം ധരിച്ചില്ല, ഭയത്തോടെ ദൈവത്തെ സേവിച്ചു. പാരമ്പര്യം പുറകിലെറിഞ്ഞു, പശ്ചാത്താപം ഏറ്റുവാങ്ങി. നഷ്ടങ്ങളുടെ കൂമ്പാരം അവർ സഹിച്ചപ്പോൾ, നിത്യതയുടെ ലക്ഷ്യം നഷ്ടമായില്ല. ഉദരത്തിനുള്ളത് ചിന്തിച്ചുകൊണ്ട് നാടുചുറ്റിയില്ല, ഉയരത്തിലുള്ളതിന് വേണ്ടി കാത്തിരുന്നു. അവർ ഉയർപ്പിൻ്റെ ജീവൻ പ്രാപിച്ചവരുടെ കൂട്ടം ആയിരുന്നു, അതുകൊണ്ട് ഉഷ്ണക്കാറ്റവരെ തളർത്തിയില്ല. വയറ് വിശന്നിരുന്നുവെങ്കിലും വചനത്താൽ അവരുടെ ഹൃദയം നിറഞ്ഞിരുന്നു. ജഡത്തിൻ്റെ പ്രവർത്തികൾ അവരുടെ നടുവിൽ ഇല്ലായിരുന്നു,

ജീവൻ്റെ വചനം അവരുടെ കാതുകളിൽ എന്നും മുഴങ്ങിയിരുന്നു.

ഇതത്രേ പിതാക്കന്മാരുടെ സുവിശേഷം. ഇതിനു വില കൊടുത്തുകൊണ്ട്, സ്വന്ത പ്രാണനെ ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചവരുടെ തലമുറയാണ് നാം ഓരോരുത്തരും എന്ന സത്യം മറക്കരുത്. പെന്തക്കോസ് വിശ്വാസത്തിനു വേണ്ടി വലിയ പള്ളികളും, കൂട്ടങ്ങളും, കുടുംബങ്ങളും, കല്ലറകളും വിട്ടിറങ്ങിയ അനേകർ ഉണ്ട്. അവർ ആൾ കൂട്ടത്തേക്കാൾ അധികം, ആരാധനയെ സ്നേഹിച്ചു. ആഡംബരത്തേക്കാൾ അധികം അനുതാപം അവരുടെ ഹൃദയങ്ങളിൽ നിറഞ്ഞിരുന്നു. ലോകത്തിൻ്റെ പ്രഭു അവരെ പരാജയപ്പെടുത്തുവാൻ അനവധി തവണ ശ്രമിച്ചിട്ടും അവർ തളർന്നു പോയില്ല. കാരണം ഉറപ്പുള്ള പാറമേൽ അവർ നിലയുറപ്പിച്ചതുകൊണ്ടായിരുന്നു. വിശ്വാസം രുചിച്ചറിഞ്ഞു, വചനം കണ്ടെത്തി ഭക്ഷിച്ചു. പരിശുദ്ധാത്മാവിൻെ്് നദിയിൽ അവർ മുങ്ങി കുളിച്ചു, ദൈവരാജ്യത്തിൻ്റെ ചങ്കൂറ്റമുള്ള പടയാളികളായി ദേശത്തെഴുന്നേറ്റു.

ഇന്നിൻ്റെ ദിനങ്ങൾ തികച്ചും മാറ്റം നിറഞ്ഞതാണ്. ആധുനികതയുടെ പരിവേഷം തിരമാല പോലെ തള്ളിക്കയറുവാൻ തുടങ്ങിയപ്പോൾ റീലുകൾ വർദ്ധിച്ചു റീയൽ ജീവിതം നയിക്കുന്നവർ കുറഞ്ഞു. കരയുന്ന ജീവിതങ്ങൾ കുറഞ്ഞു, കാശുള്ളവരുടെ എണ്ണം വർദ്ധിച്ചു. പ്രാർത്ഥന കുറഞ്ഞു, പ്രോഗ്രാമുകൾ വർദ്ധിച്ചു. സഭകൾ, സംഘടനകളായി മാറ്റപ്പെട്ടു. സ്ഥാനമാനങ്ങൾ ലഭിച്ചു, സമാധാനം നഷ്ടപ്പെട്ടു. ദൂതുകൾ കുറഞ്ഞു, ധൂർത്ത് വർദ്ധിച്ചു. കയ്യടിച്ചു പാട്ടു പാടുന്നവരുടെ എണ്ണം കുറയുന്നു കയ്യിട്ടുവാരുന്നവരുടെ എണ്ണം പെരുകുന്നു. കൊയറുകൾ പാടുന്നു പരിശുദ്ധാത്മാവ് തേങ്ങുന്നു. കിഴവി കഥകളും, കെട്ടുകഥകളും സ്റ്റേജുകൾ കയ്യടക്കുന്നു, കാദേശ് മരുവിനെ നടക്കുന്ന ദൈവശബ്ദം എവിടെയോ പോയി മറഞ്ഞു. വ്യർത്ഥമായ വാക്കുകൾ പെരുകുന്നു, അംഗീകരണം അന്വേഷിക്കുന്നവരുടെ എണ്ണം പെരുകുന്നു, ആരാധനയുടെ ആഴം കുറയുന്നു. പൊള്ളത്തരം കൊട്ടി ഘോഷിക്കപ്പെടുന്നു, പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നു. എല്ലാം ലൈവ് ആയപ്പോൾ പുതു ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നമുക്ക് പഴയ നല്ല കാലത്തിലേക്കൊന്ന് മടങ്ങി പോകാം. കരയുന്ന പ്രവാചകനോട് ചേർന്നിരുന്നു നമുക്കും കരയാം.
ദേശം ഉണരുവാൻ ജീവിതങ്ങൾ രൂപാന്തരപ്പെടുവാൻ.