റഷ്യൻ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ യുക്രൈൻ സ്റ്റീല്‍ പ്ലാന്റിന് നാശനഷ്ടം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രൈനിലെ ക്രിവി റിഹിലുള്ള ഇന്ത്യൻ വംശജനായ വ്യവസായി ലക്ഷ്മി മിത്തലിന്റെ ആർസലോർമിത്തല്‍ സ്റ്റീല്‍ പ്ലാന്റിന് നേരെ റഷ്യൻ മിസൈല്‍ ആക്രമണം.

യുക്രൈനിലെ ഏറ്റവും വലിയ സംയോജിത സ്റ്റീല്‍ ഉല്‍പ്പാദന കേന്ദ്രങ്ങളിലൊന്നായ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെടുകയും 14 തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു (ArcelorMittal Ukraine factory attack). ഊർജവിതരണ സംവിധാനങ്ങള്‍ക്കും സ്ഫോടന ചൂളകളുടെ പ്രവർത്തനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതോടെ ഉല്‍പ്പാദനം ഭാഗികമായി നിർത്തിവെച്ചു.

റഷ്യൻ ആക്രമണത്തിന് മുമ്പ് യുക്രൈൻ റഷ്യയിലെ വിവിധ മേഖലകളിലേക്ക് നൂറുകണക്കിന് ഡ്രോണുകള്‍ ഉപയോഗിച്ച്‌ വലിയ ആക്രമണം നടത്തിയിരുന്നു. റഷ്യൻ അധികൃതരുടെ കണക്കനുസരിച്ച്‌ മോസ്കോ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് 822 ഡ്രോണുകള്‍ എത്തിയെങ്കിലും ഭൂരിഭാഗവും വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച്‌ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളില്‍ മോസ്കോ മേഖലയിലും റോസ്തോവ് മേഖലയിലുമായി നിരവധി പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
റഷ്യയിലെ മോസ്കോ മേഖലയിലേക്ക് മാത്രം ഏകദേശം 600 ഡ്രോണുകള്‍ എത്തിയതായി മോസ്കോ മേയർ സെർജി സോബ്യാനിൻ പറഞ്ഞു. റോസ്തോവ് മേഖലയിലെ മൂന്ന് പട്ടണങ്ങളില്‍ 150-ലധികം ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ അഞ്ച് പേർ കൊല്ലപ്പെടുകയും വീടുകള്‍ക്കും റെയില്‍വേ സ്റ്റേഷനും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പോഡോള്‍സ്കിലെ റഷ്യൻ ഇ-കൊമേഴ്സ് കമ്പനിയായ വൈല്‍ഡ്ബെറീസിന്റെ ഗോഡൗണിലും തീപിടിത്തമുണ്ടായി.

ഇതിന് പിന്നാലെയാണ് യുക്രൈനിലെ വിവിധ നഗരങ്ങളില്‍ റഷ്യ വ്യാപകമായ മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തിയത്. ക്രിവി റിഹിലെ ആർസലോർമിത്തല്‍ പ്ലാന്റിന് പുറമെ സപ്പോറീഷ്യ, സുമി, ഡൊണെറ്റ്സ്ക് മേഖലകളിലും ആക്രമണങ്ങളില്‍ ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. തലസ്ഥാനമായ കീവിലെ വിവിധ ഭാഗങ്ങളിലുണ്ടായ തീപിടിത്തങ്ങളില്‍ ആറ് പേർക്ക് പരിക്കേറ്റു. നഗരത്തിലെ പ്രധാന പുസ്തക വിപണികളിലൊന്നിലും തീപിടിത്തമുണ്ടായി.

യുക്രൈനിലെ വ്യവസായ, സൈനിക കേന്ദ്രങ്ങളെയാണ് ആക്രമണത്തിന്റെ ലക്ഷ്യമിട്ടതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. ക്രിവി റിഹിലെ മെറ്റലർജിക്കല്‍ പ്ലാന്റും കീവിലെ സൈനിക-വ്യവസായ കേന്ദ്രങ്ങളും, യുക്രൈൻ വികസിപ്പിച്ച ദീർഘദൂര മിസൈലുകളുമായി ബന്ധപ്പെട്ട നിർമ്മാണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടതായി റഷ്യ അവകാശപ്പെട്ടു. അതേസമയം, റഷ്യൻ ആക്രമണങ്ങളില്‍ സിവിലിയൻ അടിസ്ഥാനസൗകര്യങ്ങള്‍ തകർന്നതായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ആരോപിച്ചു.

ഇതിനിടെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ നാറ്റോ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ സൂചനകളും പുറത്തുവന്നു. റൊമാനിയൻ വ്യോമാതിർത്തിയില്‍ പ്രവേശിച്ച ഡ്രോണ്‍ സ്പാനിഷ് എയർ ആൻഡ് സ്പേസ് ഫോഴ്സിന്റെ എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ടതായി റൊമാനിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റൊമാനിയയും മോള്‍ഡോവയും യുക്രൈനുമായി അതിർത്തി പങ്കിടുന്നതിനാല്‍ മേഖലയില്‍ ഡ്രോണ്‍ ആക്രമണങ്ങളെ തുടർന്നുള്ള സുരക്ഷാ ആശങ്കകള്‍ ശക്തമായിരിക്കുകയാണ്.