തിരുവനന്തപുരം: കേരളം, കേരളം എന്ന ഗാനം ലോക്സഭയില്‍ പാടിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വിമര്‍ശിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. കേരളം എന്ന പേര് ഔദ്യോഗികമാക്കിയ ബിൽ പാസായതിൽ കേരളം കേരളം എന്ന പാട്ടുപാടിയാണ് സുരേഷ് ഗോപി സഭയില്‍ സന്തോഷം പ്രകടിപ്പിച്ചത്, എന്നാല്‍ ആ പാട്ടു രചിച്ച തന്റെ പേര് പരാമര്‍ശിക്കാതിരുന്നതിലാണ് ശ്രീകുമാരന്‍ തമ്പി അതൃപ്തി രേഖപ്പെടുത്തിയത്.
ഫേസ് ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് അദ്ദേഹം അതൃപ്തി വ്യക്തമാക്കിയത്. തന്റെ പേര് കേന്ദ്രമന്ത്രിയുടെ നാവിന് വഴങ്ങില്ലായിരിക്കുമെന്ന് പറഞ്ഞ ശ്രീകുമാരന്‍ തമ്പി ‘ഒരു മഹാകവി’എന്ന ലേബലില്‍ സുരേഷ് ഗോപി തന്നെ ഒതുക്കിയെന്നും തുറന്നടിച്ചു.
ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപി ഇന്ന് പാര്‍ലമെന്റില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് പൂര്‍ണമായി അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിക്കുന്നതിനിടയില്‍ ‘കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം..’ എന്ന ഗാനം പാടി അഭിമാനപുളകിതനായി. എം ടി വാസുദേവന്‍ നായര്‍, ജോണ്സണ്, വയലാര്‍, ജി. ദേവരാജന്‍ തുടങ്ങിയ മലയാളികളായ പ്രഗത്ഭരെ അനുസ്മരിച്ച് സാഹിത്യത്തിലും സംഗീതത്തിലുമുള്ള തന്റെ താല്പര്യം അദ്ദേഹം വെളിവാക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം പാടിയ ‘കേരളം… കേരളം’ എന്ന പാട്ട് എഴുതിയ ശ്രീകുമാരന്‍ തമ്പി എന്ന അടിയന്റെ പേര് പറയാന്‍ തയ്യാറായില്ല. ഒരു പക്ഷെ എന്റെ പേര് അദ്ദേഹത്തിന്റെ നാവിന് വഴങ്ങില്ലായിരിക്കും. പകരം ‘ഒരു മഹാകവി’ എന്ന ലേബലില്‍ എന്നെ ഒതുക്കി’ എന്നാണ് അദ്ദേഹം പറഞ്ഞത്.
പാട്ട് പാടുന്നതിനു മുന്‍പ് വയലാര്‍, ദേവരാജന്‍ എന്നീ പേരുകള്‍ പറഞ്ഞതില്‍ നിന്ന് ഈ ഗാനവും വയലാര്‍ എഴുതിയത് എന്ന് ജനങ്ങള്‍ ധരിച്ചോട്ടെ എന്ന് ആ ശുദ്ധഹൃദയന് വിചാരിച്ചുകാണും. കേരളത്തെക്കുറിച്ചുള്ള ഒരു മികച്ച ഗാനമായി എല്ലാ മലയാളികളും അംഗീകരിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചയിതാവായ എന്റെ പേര് ആ നല്ല അവസരത്തില്‍ പറയാതിരിക്കാന്‍ സുരേഷ് ഗോപിക്ക് രണ്ടു മൂന്നു കാരണങ്ങള്‍ ഉണ്ടെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബന്ധുവാര് ശത്രുവാര്,
ബന്ധനത്തിൻ നോവറിയും
കിളിമകളേ പറയൂ …
ഇതും എന്റെ വരികളാണ്. എന്റെ പേര് പറയാതെ സുരേഷ് ഗോപി ഈ വരികളും ഇടയ്ക്ക് ഉദ്ധരിക്കുന്നത് നല്ലതാണെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.




