വാഷിങ്ടണ്‍: ട്രംപിനെതിരായ ഇറാന് വധഭീഷണിയില്‍ അമേരിക്കന്‍ ഏജന്‍സികള്‍ക്ക് സംശയം എന്ന് റിപ്പോര്‍ട്ട്. മുന്നറിയിപ്പ് തെറ്റായിരുന്നുവെന്നാണ് സംശയം. വിഷയത്തില്‍ ഇസ്രയേല്‍ തെറ്റിദ്ധരിപ്പിച്ചോ എന്നാണ് ഉയരുന്ന ചോദ്യം. ഇസ്രയേല്‍ ആണ് ട്രംപിന് വധഭീഷണി മുന്നറിയിപ്പ് നല്‍കിയത്. തുര്‍ക്കിയില്‍ നടന്ന ഉച്ചകോടിക്കിടെയാണ് വധഭീഷണിയെത്തുടര്ന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തന്റെ വിമാനം മാറ്റിയത്. ട്രംപ് മൂന്ന് വിമാനങ്ങള്‍ മാറിമാറി ഉപയോഗിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ഇക്കാര്യം ട്രംപ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഭീഷണികളെക്കുറിച്ച് വ്യക്തമായി പറയാതെ തന്നെ, സീക്രട്ട് സര്‍വീസില്‍ നിന്നും സൈന്യത്തില്‍ നിന്നും ലഭിച്ച ഉപദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ട്രംപ് വ്യക്തമാക്കിയിരുന്നത്. ഖത്തര്‍ സമ്മാനമായി നല്കിയ ബോയിംഗ് 747-8 വിമാനത്തില്‍ നിന്ന് പഴയൊരു ‘എയര്‍ ഫോഴ്സ് വണ്‍’ വിമാനത്തിലേക്ക് മാറിയ ട്രംപ്, പിന്നീട് രഹസ്യമായി ചെറിയൊരു സി-32എ വിമാനത്തിലേക്ക് മാറിയതായി ‘വാഷിംങ്ടണ്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു.
വാഷിംങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം, ഭീഷണി യഥാര്‍ത്ഥമായിരുന്നുവെങ്കിലും സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി അതിനെ അത്ര ഗൗരവമുള്ളതല്ല എന്നാണ് വിലയിരുത്തിയിരുന്നത് എന്നാണ് വിവരം. ട്രംപിന്റെ ജീവനുനേരെയുണ്ടായ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്കിയതും അദ്ദേഹത്തോട് വിമാനത്തില്‍ നിന്ന് രഹസ്യമായി പുറത്തുകടക്കാന്‍ ആവശ്യപ്പെട്ടതും ഇസ്രായേല്‍ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വധശ്രമത്തെക്കുറിച്ചുള്ള ആശങ്ക ഇസ്രായേല്‍ അറിയിച്ചിരുന്നെങ്കിലും, സിഐഎ ഉദ്യോഗസ്ഥര്‍ക്ക് അതില്‍ വലിയ വിശ്വാസമുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥരിലൊരാള്‍ കൂട്ടിച്ചേര്‍ത്തു.
ഇറാനില്‍ നിന്നുള്ള ഭീഷണിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇസ്രായേലില്‍ നിന്ന് ഉത്ഭവിച്ചവ ആണെന്നും യുഎസ് തയ്യാറാക്കിയവയല്ലെന്നും അത് വിശ്വാസ്യത കുറഞ്ഞ വിരങ്ങളായിരുന്നെന്നുമാണ് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ വിലയിരുത്തിയത്. ഈ വിലയിരുത്തല്‍ ട്രംപിന്റെ സംഘത്തെയും അറിയിച്ചിരുന്നതായി ഇവര്‍ പറയുന്നു. ഭീഷണിയുടെ ഗൗരവത്തെക്കുറിച്ചുള്ള വിശ്വാസ്യത കുറവാണെങ്കിലും, ട്രംപിനെതിരെ മുന്‍പ് നടന്ന വധശ്രമങ്ങള്‍ കണക്കിലെടുത്ത് യാതൊരു റിസ്കും എടുക്കാന്‍ സീക്രട്ട് സര്‍വീസ് ആഗ്രഹിച്ചില്ലെന്ന് മറ്റൊരു യുഎസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.




