ന്യൂഡൽഹി: 2025 നവംബറിൽ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് പിന്നിൽ ‘അൽ-ഖ്വയ്ദ ഇൻ ദി ഇന്ത്യൻ സബ് കോണ്ടിനന്റ്’ (എക്യുഐഎസ്) ആണെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ റിപ്പോർട്ട്. യുഎൻ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിങ് ടീം തയ്യാറാക്കിയ 38-ാമത് റിപ്പോർട്ടിലാണ് ചെങ്കോട്ട ആക്രമണത്തിലെ അൽ-ഖ്വയ്ദയുടെ പങ്കിനെക്കുറിച്ച് പരാമർശമുള്ളത്.
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ അൽ-ഖ്വയ്ദയുടെ സെല്ലുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ, ഗുജറാത്തിൽ അടുത്തിടെ എടിഎസ് അറസ്റ്റ് ചെയ്ത മൂന്ന് ഭീകരരുടെ രാജ്യാന്തര ബന്ധങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സംഘടന ചെറിയ സെല്ലുകളായി തിരിഞ്ഞ് സാമ്പത്തിക-ലോജിസ്റ്റിക് ശൃംഖലകൾ വികസിപ്പിക്കുന്ന രീതിയിലേക്ക് മാറിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അൽ-ഖ്വയ്ദയും ഐഎസും സംയുക്തമായി ചേർന്ന് രാസ-ജൈവ ആയുധങ്ങൾ നിർമിക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി നടത്തിവരികയാണെന്നും മാരക വിഷാംശങ്ങൾ നിർമിക്കാനുള്ള നിർദേശങ്ങൾ ഭീകരരുടെ ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞവർഷം നവംബർ പത്തിന് നടന്ന ചെങ്കോട്ട ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു. ചെങ്കോട്ടയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഹ്യുണ്ടായ് ഐ20 കാർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉമർ-ഇ-നബി എന്നയാളാണ് കാർ ഓടിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു




