ഇസ്ലാമാബാദ്: പാകിസ്താനിൽ ചൂടുപിടിച്ച് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെ കുറിച്ചുള്ള റിപ്പോർട്ടുകൾ. ജയിലിൽ കഴിയുകയായിരുന്ന ഇമ്രാൻ ഇപ്പോൾ ജീവനോടെ ഉണ്ടായേക്കില്ലെന്ന് അമേരിക്കയിൽനിന്നുള്ള മാധ്യമപ്രവർത്തകനായ വജ്ഹാത് സയീദ് ഖാൻ അഭിപ്രായപ്പെട്ടതാണ് പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടത്.
ജയിലിലുള്ള ഇമ്രാന്റെ ആരോഗ്യനിലയേക്കുറിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവരുന്നില്ലെന്ന് ബന്ധുക്കളും രാഷ്ട്രീയക്കാരും നിരന്തരം ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് ഒരു അഭിമുഖത്തിൽ വജ്ഹാത് സയീദ് ഇത്തരമൊരു പരാമർശം നടത്തിയത്. മൂന്ന് മുതിർന്ന പാക് സൈനിക ഉദ്യോഗസ്ഥർ തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അതേസമയം, തനിക്ക് വ്യക്തിപരമായി ഇക്കാര്യം നേരിട്ട് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഇമ്രാൻ ഖാൻ മരിച്ചിട്ടുണ്ടാകാം. അദ്ദേഹം ജീവനോടെയില്ലെന്ന് മൂന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് പൊതുമധ്യത്തിൽ അദ്ദേഹത്തെ കാണാൻ കഴിയാത്തത്. തടവിൽ അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയോ എന്ന് വജ്ഹാത് സയീദ് ഖാന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് മാധ്യമപ്രവർത്തകനായ അഭിജിത് മജുംദാർ എക്‌സിൽ കുറിച്ചു.
നിരവധി കേസുകളിൽ പ്രതിയായ ഇമ്രാൻ ഖാൻ 2023 മുതൽ അഡിയാലയിലെ ജയിലിൽ കഴിയുകയാണ്. തങ്ങളുടെ നേതാവുമായി സംസാരിക്കാൻ അനുവാദം ലഭിക്കുന്നില്ലെന്നും കുടുംബത്തിനുപോലും അദ്ദേഹത്തെ കാണാൻ അവസരം ലഭിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയപാർട്ടിയായ പാകിസ്താൻ തെഹ്‌രീക് ഇ ഇൻസാഫ് (പിടിഐ) നേതാക്കൾ നിരന്തരം ആരോപിക്കുന്നുണ്ട്. കണ്ണിനുൾപ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള ഇമ്രാൻ ഖാന് ചികിത്സ നിഷേധിച്ചുവെന്നും അവർ ആരോപിക്കുന്നു. ഓഗസ്ത് പതിനൊന്നിന് ഇമ്രാൻ ഖാനെ കാണാൻ ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബവും ആരോപിച്ചിരുന്നു.
സർക്കാരിന്റെ ഈ സമീപനത്തിനെതിരേ ശക്തമായ പ്രതിഷേധം തങ്ങൾക്കുണ്ടെന്ന് ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രിയും പിടിഐ നേതാവുമായ സൊഹൈൽ അഫ്രീദി പറഞ്ഞു. ലക്ഷക്കണക്കിന് ജനങ്ങൾ തെരുവിലേക്കിറങ്ങാൻ തയ്യാറായിനിൽക്കുകയാണ്. പാക് ജനതയുടെ രോക്ഷം നിയന്ത്രിക്കാൻ പറ്റാത്ത സ്ഥിതിയിലേക്ക് എത്തിയേക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇമ്രാൻ ഖാനെ കാണാൻ കുടുംബാംഗങ്ങളെയും പാർട്ടി സഹപ്രവർത്തകരെയും അനുവദിച്ചില്ലെങ്കിൽ ഇസ്ലാമാബാദിലേക്ക് സെപ്തംബർ 27-ന് ഒരു ലോങ് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദീർഘകാലമായുള്ള ഇമ്രാൻ ഖാന്റെ തടവും ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ആശങ്കകളും പാകിസ്താൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഇമ്രാൻ ഖാന്റെയും ഭാര്യ ബുഷ്റ ബീബിയുടെയും തടവുകാലത്തെ സാഹചര്യങ്ങൾ പങ്കുവെയ്ക്കാൻ പാകിസ്താനോട് ആവശ്യപ്പെട്ട് യു.എസ്. നിയമനിർമ്മാതാക്കളുടെ സംഘം യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് കത്തെഴുതിയിരുന്നു. ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയേക്കുറിച്ചുള്ള അവകാശവാദങ്ങളിൽ ആശങ്കയുണ്ടെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്.




