വാഷിംഗ്ടണ്‍: ഇറാന്റെ വധഭീഷണിയെത്തുടർന്ന് കഴിഞ്ഞ മാസം തുർക്കിയില്‍ വെച്ച് താൻ അതീവ രഹസ്യമായി വിമാനം മാറി കയറിയിരുന്നുവെന്ന് സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
യുഎസ് രഹസ്യാന്വേഷണ വിഭാഗമായ ‘സീക്രട്ട് സർവീസി’ന്റെ കർശന നിർദേശപ്രകാരമാണ് താൻ അങ്ങനെ ചെയ്തതെന്ന് ട്രംപ് വ്യക്തമാക്കി.
എന്നാല്‍, താൻ പിന്നീട് യാത്ര ചെയ്ത സൈനിക വിമാനം പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ ‘എയർഫോഴ്സ് വണ്ണി’നേക്കാള്‍ കൂടുതല്‍ അപകടസാധ്യതയുള്ളതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്കാറയില്‍ നടന്ന നാറ്റോ (NATO) ഉച്ചകോടിക്ക് ശേഷം എയർഫോഴ്സ് വണ്ണില്‍ നിന്ന് ട്രംപിനെ ഒരു കാറ്ററിംഗ് ട്രക്കിന്റെ സഹായത്തോടെ അതീവ രഹസ്യമായി മിലിട്ടറി വിമാനത്തിലേക്ക് മാറ്റുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. വൈറ്റ് ഹൗസ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ വാർത്ത ആദ്യമായി പുറത്തുവിട്ടത്. ഇതോടെയാണ് സുരക്ഷാ നാടകം പുറംലോകമറിഞ്ഞത്.
പ്രസിഡന്റ് കാറ്ററിംഗ് ട്രക്കില്‍ ഒളിച്ചിരുന്നു എന്ന രീതിയിലുള്ള ട്രോളുകളും മീമുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി ട്രംപ് രംഗത്തെത്തിയത്. “എനിക്ക് ധാരാളം ഭീഷണികള്‍ വരാറുണ്ട്, ഇതിനെക്കുറിച്ച് ഞാൻ കൂടുതല്‍ ചോദിക്കാൻ പോയില്ല. എല്ലാം സീക്രട്ട് സർവീസിന്റെയും സൈന്യത്തിന്റെയും നിർദ്ദേശപ്രകാരമാണ് ചെയ്തത്,” ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. തുർക്കിയില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഈ നാടകീയ നീക്കങ്ങള്‍. നാറ്റോ അതിർത്തി പങ്കിടുന്ന ഇറാനുമായി യുഎസിനുള്ള ശത്രുത നിലവില്‍ വൻതോതില്‍ വർദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അതീവ സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിച്ചത്.




