മാഡ്രിഡ്(സ്പെയിന്‍): ആറു പതിറ്റാണ്ടോളം കൽക്കരി ഖനനം നടത്തിയതിനെ തുടർന്ന് ഭൂമിയിൽ രൂപപ്പെട്ട കൂറ്റൻ കുഴി മനോഹരമായ കൃത്രിമ തടാകമാക്കി മാറ്റി സ്പെയിൻ. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ ഗലീഷ്യയിലുള്ള ‘അസ് പോണ്ടസ്’ എന്ന സ്ഥലത്താണ് ഈ വൻ പരിസ്ഥിതി പുനരുദ്ധാരണ പദ്ധതി യാഥാർത്ഥ്യമായത്.
1940-കളിൽ ആരംഭിച്ച ഖനനത്തിലൂടെ ഏകദേശം 260 ദശലക്ഷം ടൺ ലിഗ്നൈറ്റ് കൽക്കരിയാണ് ഇവിടെനിന്ന് വേർതിരിച്ചെടുത്തത്. ഇതിന്റെ ഫലമായി 300 മീറ്ററിലധികം താഴ്ചയുള്ളതും 1,600 അമേരിക്കൻ ഫുട്ബോൾ ഗ്രൗണ്ടുകളുടെ വിസ്തൃതിയുള്ളതുമായ ഭീമാകാരമായ കുഴി രൂപപ്പെട്ടു. എന്നാൽ വായുമലിനീകരണം തടയുന്നതിനുള്ള യൂറോപ്യൻ യൂണിയന്റെ കർശനമായ നിയമങ്ങളെത്തുടർന്ന് 2007-ൽ ഈ ഖനി പൂർണ്ണമായും അടച്ചുപൂട്ടി.
300 മീറ്റർ ആഴമുള്ള തടാകം
ഖനി അടച്ചതോടെ പ്രകൃതിക്കുണ്ടായ ആഘാതം കുറയ്ക്കാൻ ‘എൻഡെസ’ എന്ന വൈദ്യുതി കമ്പനിയുടെ നേതൃത്വത്തിൽ എഞ്ചിനീയർമാർ ഖനിയിൽ വെള്ളം നിറയ്ക്കാൻ തീരുമാനിച്ചു. 2008-ൽ ആരംഭിച്ച ഈ ദൗത്യം നാല് വർഷത്തിലധികം നീണ്ടുനിന്നു. 2012 ഏപ്രിൽ 18-ഓടെ 547 ശതകോടി (547 billion) ലിറ്റർ വെള്ളം നിറച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.
ഇതോടെ സ്പെയിനിലെ ഏറ്റവും വലിയ കൃത്രിമ തടാകങ്ങളിലൊന്നായി അസ് പോണ്ടസ് മാറി.
ഈ തടാകത്തിലെ വെള്ളത്തിന് രണ്ട് വ്യത്യസ്ത പാളികളുണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ‘കീമോക്ലൈൻ’ എന്ന അദൃശ്യ തടസ്സത്താൽ വേർതിരിക്കപ്പെട്ടിരിക്കുന്ന ഈ പാളികളിൽ, മുകൾഭാഗത്തെ വെള്ളം സാധാരണ നദിയിലെപ്പോലെ ഓക്സിജന്റെ അളവ് കൂടുതലുള്ളതും അമ്ലത കുറഞ്ഞതുമാണ്. എന്നാൽ അടിത്തട്ടിലെ വെള്ളത്തിൽ ഓക്സിജൻ വളരെ കുറവും അമ്ലത കൂടുതലുമാണ്. പല ഉറവിടങ്ങളിൽ നിന്ന് വെള്ളമെത്തിയതും താപനിലയിലെയും ധാതുക്കളുടെയും വ്യത്യാസവുമാണ് വെള്ളം തമ്മിൽ കലരാതിരിക്കാൻ കാരണം.
മലിനീകരണത്തിന്റേയും പരിസ്ഥിതി നാശത്തിന്റേയും കേന്ദ്രമായിരുന്ന ഒരു ഖനിയെ പ്രകൃതിദത്തമായ തടാകമാക്കി മാറ്റിയ സ്പെയിനിന്റെ ഈ മാതൃക ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.




