ബാങ്കോക്ക് : വീട്ടിലും സ്കൂളിലുമായി 14 വയസ്സുകാരൻ നടത്തിയ വെടിവയ്പിൽ 7 മരണം. ഒടുവിൽ സ്വയം വെടിവച്ച് ബാലൻ ജീവനൊടുക്കി. വടക്കുപടിഞ്ഞാറൻ ബാങ്കോക്കിലെ നൊന്താബുരി പ്രവിശ്യയിലെ വീട്ടിൽ മുത്തച്ഛനെയും മുത്തശ്ശിയെയുമാണ് ആദ്യം വെടിവച്ചത്. അതിനു ശേഷം സ്കൂളിലേക്കു കയറിച്ചെന്ന് വെടിയുതിർത്തു. 5 അധ്യാപകരാണ് മരിച്ചത്. മുപ്പതിലേറെപ്പേർക്കു പരുക്കേറ്റു.
കുട്ടി ഉപയോഗിച്ച കൈത്തോക്ക് മുത്തച്ഛന്റേതാണ്. 3000 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വെടിയൊച്ച മുഴങ്ങിയതോടെ കുട്ടികളും അധ്യാപകരുൾപ്പെടെ പരിഭ്രാന്തരായി മേശയ്ക്കടിയിലും മറ്റും ഒളിച്ചു. ചിലർ മതിൽ ചാടിക്കടന്നു വെളിയിലിറങ്ങാൻ ശ്രമിച്ചു. അര മണിക്കൂറിനു ശേഷം പൊലീസ് വന്നാണ് ക്ലാസ് മുറികളിൽ അടച്ചിരുന്നവരെ പുറത്തിറക്കിയത്.
വെടിവയ്പ് ആസൂത്രിതമായിരുന്നെന്നും കുട്ടി മാനസിക സമ്മർദത്തിലായിരുന്നെന്നും തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചാൺവീരാകോൾ പറഞ്ഞു. തോക്ക് നിയമങ്ങൾ കർശനമാക്കുമെന്നും പ്രഖ്യാപിച്ചു. കുട്ടിയുടെ വീട്ടിൽനിന്ന് കംപ്യൂട്ടർ ഉൾപ്പെടെ പിടിച്ചെടുത്തു.
പഠനവുമായി ബന്ധപ്പെട്ട് കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സഹപാഠികളും സൂചിപ്പിച്ചു. സംഭവത്തിന് മുൻപ് കുട്ടി കമ്പ്യൂട്ടറിൽ അമേരിക്കയിലെ സ്കൂൾ വെടിവയ്പുകളുടെ ദൃശ്യങ്ങൾ വ്യാപകമായി കണ്ടിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തായ്‌ലൻഡിൽ ഈ വർഷം സ്കൂളുകളിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. ഫെബ്രുവരിയിൽ നടന്ന വെടിവയ്പിൽ അധ്യാപകരിലൊരാൾ മരിക്കുകയും ചെയ്തിരുന്നു.




