പൂമ്പാറ്റകൾക്ക് ശലഭപ്പുഴു കാലത്തെ ഓർമ്മകൾ നിലനിൽക്കുമോ!? 10 വയസ്സുകാരന്റെ കണ്ടെത്തൽ

-സാബു തൊട്ടിപ്പറമ്പില്‍

​പൂമ്പാറ്റകൾക്ക് അവ ശലഭപ്പുഴു (Caterpillar) ആയിരുന്ന കാലത്തെ ഓർമ്മകൾ നിലനിൽക്കുമോ എന്ന ജിജ്ഞാസ പുതിയ കണ്ടെത്തലുമായി ജപ്പാനിലെ 10 വയസ്സുകാരൻ ശാസ്ത്രലോകത്തിന്റെ ശ്രദ്ധ നേടുന്നു.

ജപ്പാനിലെ കോബെയിലുള്ള ഇബുക്കി ഈസ്റ്റ് എലിമെന്ററി സ്കൂൾ വിദ്യാർത്ഥിയായ ജോ നാഗായ് (Jo Nagai) ആണ് ഈ പഠനത്തിന് പിന്നിൽ.​വീട്ടിൽ ‘ഏഷ്യൻ സ്വാലോടൈൽ’ ഇനത്തിൽപ്പെട്ട പൂമ്പാറ്റകളെ വളർത്തുന്നതിനിടെയാണ് ജോ ഈ വ്യത്യസ്തത ശ്രദ്ധിച്ചത്.

കാട്ടുപൂമ്പാറ്റകൾ മനുഷ്യരെ കാണുമ്പോൾ പറന്നുപോകാറുണ്ടെങ്കിലും, താൻ പുഴുക്കളായിരുന്നപ്പോൾ മുതൽ വളർത്തിയ പൂമ്പാറ്റകൾ പൂർണ്ണ വളർച്ചയെത്തി തുറന്നുവിട്ട ശേഷവും തന്റെ കൈകളിലേക്ക് തിരിച്ചെത്തുന്നത് അവനിൽ കൗതുകമുണർത്തി. തുടർന്ന് രൂപമാറ്റം സംഭവിച്ച ശേഷവും ശലഭപ്പുഴു അവസ്ഥയിലെ ഓർമ്മകൾ നിലനിൽക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ അവൻ പഠനം ആരംഭിക്കുകയായിരുന്നു.

​ശലഭപ്പുഴുക്കളെ ലാവെൻഡറിന്റെ മണമുള്ള അന്തരീക്ഷത്തിൽ വെക്കുകയും ഒപ്പം വിറപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു പരീക്ഷണം. പിന്നീട് ഇവ പൂമ്പാറ്റകളായി മാറിയപ്പോൾ നടത്തിയ പരിശോധനയിൽ 70% പൂമ്പാറ്റകളും ലാവെൻഡർ മണമുള്ള വഴി ഒഴിവാക്കാൻ ശ്രമിച്ചതായി കണ്ടു. പൂമ്പാറ്റയാകുമ്പോൾ പഴയ ഓർമ്മകൾ പൂർണ്ണമായി മാഞ്ഞുപോകുമെന്ന പരമ്പരാഗത ശാസ്ത്രീയ ധാരണകളെ വെല്ലുവിളിക്കുന്നതായിരുന്നു ഈ സംഭവം.

കൂടാതെ, ഇവയുടെ അടുത്ത തലമുറകളിലും ഈ ലാവെൻഡർ മണം ഒഴിവാക്കാനുള്ള പ്രവണത കണ്ടതായും അവൻ നിരീക്ഷിച്ചു. ​33 പേജുകളുള്ള പഠന റിപ്പോർട്ട് തയ്യാറാക്കിയ ജോ, കോബെയിൽ നടന്ന ‘ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് എന്റമോളജി’ ഉൾപ്പെടെയുള്ള പ്രമുഖ ശാസ്ത്രീയ വേദികളിൽ വിദഗ്ദ്ധർക്ക് മുന്നിൽ പ്രബന്ധം അവതരിപ്പിച്ചു. മറ്റ് ശാസ്ത്രജ്ഞർ സ്വതന്ത്രമായി പരിശോധിച്ച് ഉറപ്പുവരുത്തിയാൽ മാത്രമേ ഇത് പൂർണ്ണ ശാസ്ത്രീയ സത്യമായി അംഗീകരിക്കപ്പെടൂവെങ്കിലും, വളരെ ചെറുപ്പത്തിൽ തന്നെ ശാസ്ത്രീയ അന്വേഷണത്വര പ്രകടമാക്കിയ ജോ നാഗായിയെ ശാസ്ത്രലോകം അഭിനന്ദിക്കുകയാണ്.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി