നിയന്ത്രണം വിട്ട സ്പേസ് എക്സ് റോക്കറ്റ് ചന്ദ്രനില്‍ പതിക്കാനൊരുങ്ങുന്നു: വൻ നിരീക്ഷണത്തിനൊരുങ്ങി ശാസ്ത്രലോകം

വാഷിംഗ്ടണ്‍: വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് ലക്ഷ്യമില്ലാതെ ഒഴുകിനടന്ന സ്പേസ് എക്സിന്റെ റോക്കറ്റ് അപ്പർ സ്റ്റേജ് നിയന്ത്രണം വിട്ട് ചന്ദ്രനില്‍ പതിക്കാനൊരുങ്ങുന്നു.

മണിക്കൂറില്‍ 8,700 കിലോമീറ്റർ അതായത് ശബ്ദവേഗതയുടെ ഏഴിരട്ടി വേഗതയിലാണ് റോക്കറ്റ് ഭാഗം ചന്ദ്രനില്‍ കൂട്ടിയിടിക്കുക എന്ന് ബഹിരാകാശ നിരീക്ഷണ വിദഗ്ധനായ ബില്‍ ഗ്രേ വ്യക്തമാക്കുന്നു.

ചന്ദ്രന്റെ വെളിച്ചമുള്ള പടിഞ്ഞാറൻ ഭാഗത്തുള്ള ‘ഐൻസ്റ്റീൻ ക്രേറ്ററിന്’ സമീപമായിരിക്കും ഈ അപ്രതീക്ഷിത കൂട്ടിയിടി നടക്കുക. ചന്ദ്രനില്‍ അബദ്ധത്തില്‍ ചെന്നുപതിക്കുന്ന രണ്ടാമത്തെ റോക്കറ്റാണിത്. 2022-ല്‍ ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം ചന്ദ്രന്റെ മറുഭാഗത്ത് പതിച്ച്‌ രണ്ട് വലിയ ഗർത്തങ്ങള്‍ സൃഷ്ടിച്ചിരുന്നു. റോക്കറ്റ് ചന്ദ്രന്റെ ഉപരിതലത്തില്‍ പതിക്കുമ്പോള്‍ മൂന്ന് ടണ്‍ ടി.എൻ.ടി സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുന്നതിന് തുല്യമായ ഊർജ്ജമായിരിക്കും പുറന്തള്ളപ്പെടുക.

ഏകദേശം 90 അടി വീതിയും 16 അടി ആഴവുമുള്ള വൻ ഗർത്തം ഇതിലൂടെ രൂപപ്പെടുമെന്ന് ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറിയിലെ ബെഞ്ചമിൻ ഫെർണാണ്ടോ അഭിപ്രായപ്പെട്ടു. ചന്ദ്രനില്‍ ഗുരുത്വാകർഷണം കുറവായതിനാലും കാറ്റില്ലാത്തതിനാലും കൂട്ടിയിടിയെ തുടർന്നുയരുന്ന ഭീമൻ പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ മൈലുകളോളം ഉയരത്തില്‍ മിനിറ്റുകളോളം തങ്ങിനില്‍ക്കും. ടെലിസ്കോപ്പുകള്‍ ഉപയോഗിച്ച്‌ ഇത് നിരീക്ഷിക്കാൻ സാധിക്കും. നാസയുടെ ലൂണാർ റെക്കണസൻസ് ഓർബിറ്ററും ദക്ഷിണ കൊറിയയുടെ ഡാനൂരി ലൂണാർ ഓർബിറ്ററും ഈ അപൂർവ്വ കൂട്ടിയിടിയുടെ ചിത്രങ്ങള്‍ പകർത്താൻ സജ്ജമായിക്കഴിഞ്ഞു. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളിലും ബഹിരാകാശ യാത്രികർക്ക് ഇത്തരം അവശിഷ്ടങ്ങള്‍ ഉണ്ടാക്കുന്ന ഭീഷണികള്‍ പഠിക്കാനും ഈ സംഭവം ശാസ്ത്രജ്ഞർക്ക് സഹായകരമാകും.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി