ചരിത്രത്തിലെ ഒരു നിഗൂഢത ബാക്കി ; കടലിൽ മറഞ്ഞ് മരുഭൂമിയിൽ തെളിഞ്ഞ നിധി !

• സാബു തൊട്ടിപ്പറമ്പിൽ

​500 വർഷങ്ങൾക്ക് മുൻപ് കടലിൽ കാണാതാവുകയും, പിന്നീട് നമീബിയൻ മരുഭൂമിയിലെ മണലിനടിയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത ‘ബോം ജീസസ്’ (Bom Jesus) എന്ന പോർച്ചുഗീസ് കപ്പൽ കണ്ടെത്തിയിട്ട് 18 വർഷം തികയുമ്പോഴും ചരിത്രത്തിന് ഉത്തരം നൽകാനാകാത്ത ഒരു വലിയ നിഗൂഢത ബാക്കിയാകുന്നു.

2,000-ത്തിലധികം സ്വർണ്ണ-വെള്ളി നാണയങ്ങളും ടൺ കണക്കിന് അമൂല്യ വസ്തുക്കളും നിറച്ച കപ്പൽ വീണ്ടെടുത്തെങ്കിലും, അതിലുണ്ടായിരുന്ന 200-ഓളം വരുന്ന നാവികർക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല.അത് നിഗൂഢമായി തന്നെ ഇന്നും തുടരുന്നു.

​1533 മാർച്ച് 7-നാണ് പോർച്ചുഗലിലെ ലിസ്ബണിൽ നിന്ന് ബോം ജീസസ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. എന്നാൽ ആഫ്രിക്കൻ തീരത്തുവെച്ച് ശക്തമായ കൊടുങ്കാറ്റിൽപ്പെട്ട് കപ്പൽ കാണാതായി. തുടർന്ന് നൂറ്റാണ്ടുകളോളം ആർക്കും അറിയാതെ കിടന്ന ഈ ചരിത്രശേഷിപ്പ്, 2008 ഏപ്രിൽ 1-നാണ് നമീബിയയിലെ ഓറഞ്ചെമുണ്ട് തീരത്ത് വജ്ര ഖനനം നടത്തുന്നതിനിടെ ആകസ്മികമായി കണ്ടെത്തിയത്. അറ്റ്ലാന്റിക് സമുദ്രവും നമീബ് മരുഭൂമിയും കൂട്ടിമുട്ടുന്ന ഈ തീരത്ത് കടൽവെള്ളം പമ്പ് ചെയ്തു മാറ്റിയപ്പോഴാണ് തടിപ്പടകിന്റെ അവശിഷ്ടങ്ങൾ പുറത്തുവന്നത്.

​പ്രദേശത്തെ സമുദ്രത്തിലെ തണുത്ത ജലപ്രവാഹവും മരുഭൂമിയിലെ വരണ്ട കാലാവസ്ഥയും കാരണം കപ്പലിലെ വസ്തുക്കളൊന്നും നശിച്ചുപോകാതെ സുരക്ഷിതമായി നിലനിന്നിരുന്നു. 17 ടൺ ചെമ്പ് കട്ടകൾ, 105 ആനക്കൊമ്പുകൾ, വെങ്കല പാത്രങ്ങൾ, അപൂർവ്വ സ്വർണ്ണ നാണയങ്ങൾ എന്നിവയടങ്ങിയ വലിയൊരു നിധിശേഖരം തന്നെ ഗവേഷകർ വീണ്ടെടുത്തു.
​എന്നാൽ കപ്പലിലുണ്ടായിരുന്ന നാവികരുടെ ഒരു ചെറിയ അവശിഷ്ടം പോലും അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നതാണ് ഈ ചരിത്ര സംഭവത്തെ വേറിട്ടുനിർത്തുന്നത്.
കപ്പൽ തകർന്നപ്പോൾ തന്നെ ജീവനക്കാരെല്ലാം കടലിൽ മുങ്ങിമരിച്ചതാണോ, അതോ രക്ഷപ്പെട്ട് കരയ്ക്കെത്തിയ ശേഷം ഭക്ഷണവും ശുദ്ധജലവും ലഭിക്കാത്ത നമീബ് മരുഭൂമിയിൽ മരണത്തിന് കീഴടങ്ങിയതാണോ എന്നതിനെക്കുറിച്ച് ഇന്നും പഠനങ്ങൾ നടക്കുകയാണ്.

സമാനതകളില്ലാത്ത അമൂല്യ നിധി വീണ്ടെടുത്തെങ്കിലും, 200 മനുഷ്യരുടെ വിധി എന്തായി എന്നത് 18 വർഷങ്ങൾക്ക് ശേഷവും ചരിത്രത്തിലെ അനാവൃതമായ ഒരു അധ്യായമായി തുടരുന്നു.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി