ഹസീന ബംഗ്ളാദേശിൽ കാല് കുത്തിയാൽ വധിക്കാൻ സാദ്ധ്യത

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്ത് കാലുകുത്തുന്ന നിമിഷം അറസ്റ്റ് ചെയ്യുമെന്ന് നിയമമന്ത്രി എം അസദുസ്സമാന്‍. ജീവന് ഭീഷണിയുണ്ടെങ്കിലും ഇന്ത്യയില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ തീരുമാനിച്ചതായി ഹസീന വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണമെന്നതാണ് ശ്രദ്ധേയം.

‘ഞാന്‍ കൊല്ലപ്പെട്ടേക്കാം. എന്നെ അറസ്റ്റ് ചെയ്‌തേക്കാം. എന്നെ ജയിലിലേക്ക് അയച്ചേക്കാം. എന്റെ വിധിയെക്കുറിച്ച് എനിക്ക് പൂര്‍ണ്ണമായി അറിയാം. എന്നിരുന്നാലും, എന്റെ അനുയായികള്‍ എന്നെ വിളിക്കുന്നതിനാല്‍ ഞാന്‍ തിരികെ പോകാന്‍ ആഗ്രഹിക്കുന്നു,’ ഷെയ്ഖ് ഹസീന പറഞ്ഞിരുന്നു.

എന്നാല്‍ 2025 നവംബറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹസീനയ്ക്ക് അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് നേരിട്ട് കോടതിയിലെത്താന്‍ പോലും അവസരം ലഭിച്ചേക്കില്ലെന്നായിരുന്നു അസദുസ്സമാന്‍ പറഞ്ഞത്.

‘എല്ലാ തടസ്സങ്ങളെയും മറികടന്ന് ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ താന്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 78 വയസ്സുള്ള അവര്‍ക്ക് തിരിച്ചുവരവിനുള്ള വഴി അത്ര എളുപ്പമായിരിക്കില്ല, അവര്‍ക്ക് തിരിച്ചുവരാം. പക്ഷേ, നിയമം അതിന്റേതായ വഴി സ്വീകരിക്കും. നിയമം ലംഘിക്കുന്ന ഒന്നും ഞങ്ങള്‍ ചെയ്യില്ല’, അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിയമം തങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അധികാരം പ്രയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024-ൽ ബംഗ്ലാദേശിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്തിയ കേസിലാണ് ഷെയ്ഖ് ഹസീനയ്ക്ക് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശ് വധശിക്ഷ വിധിച്ചത്. 2025 ഓഗസ്റ്റ് മൂന്നിനാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. അധികാരം ഉപയോഗിച്ച് മാനവികതയ്ക്കുമേൽ ഹസീന ആക്രമണം നടത്തിയെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ വെടിവെയ്പ്പിനെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി വിലയിരുത്തിയിരുന്നു.

പ്രതിഷേക്കാർക്ക് നേരെ ഹെലികോപ്റ്റർ ഉപയോഗിച്ച് ആക്രമണം നടത്താൻ ഷെയ്ഖ് ഹസീന നിർദേശിച്ചുവെന്നും പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാർത്ഥിയുടെ മൃതദേഹ പരിശോധനാ റിപ്പോർട്ട് ഡോക്ടർമാരെ ഭീഷണിപ്പെടുത്തി തിരുത്തിയതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞിരുന്നു. മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പൊലീസ് ഐജി ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരും കേസുകളിൽ പ്രതികളാണ്.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി