കുവൈറ്റ് തീ പിടിത്തം: മരിച്ച സ്റ്റെഫിന്റെ സംസ്ക്കാരം തിങ്കളാഴ്ച്ച

പാമ്പാടി :- ബുധനാഴ്ച്ച പുലർച്ചെ ഉണ്ടായ കുവൈറ്റ്‌ തീ പിടുത്തതിൽ മരിച്ച സ്റ്റെഫിൻ എബ്രഹാം സാബു (29) വിന്റെ സംസ്ക്കാര ശുശ്രുഷ തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം ഐപിസി ഒൻപതാം മൈൽ ബെഥേൽ സഭാ സെമിത്തേരിയിൽ.

ഇന്ന് രാവിലെ നെടുമ്പാശേരി എയർപോർട്ടിൽ 31 പേരുടെ മൃതദേഹം കൊണ്ട് വന്നതിൽ 23 പേരും മലയാളികൾ ആയിരുന്നു. കേന്ദ്ര മന്ത്രിമ്മാരായ കീർത്തി വർധൻ സിങ്, സുരേഷ് ഗോപി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രിമ്മാർ, എംപിമ്മാർ, എംഎൽഎമ്മാർ, വിവിധ സാമൂഹിക സാംസ്കാരിക മതമേലദ്ധ്യക്ഷമ്മാർ തുടങ്ങിയവർ മരിച്ചവർക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

സ്റ്റെഫിന്റെ മൃതദേഹം 2:30 പിഎം ന് കോട്ടയം പുതുപ്പള്ളി മന്ദിരം ആശുപത്രി മോർച്ചറിയിൽ കൊണ്ട് വന്നപ്പോൾ കോട്ടയം കളക്ടർ വിഘ്‌നേശ്വരി ഐഎഎസ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

തിങ്കളാഴ്ച്ച രാവിലെ മോർച്ചറിയിൽ നിന്ന് എടുക്കുന്ന മൃതുദേഹം രാവിലെ 9 മുതൽ പാമ്പാടി ജിഎംഡി ഓഡിറ്റോറിയത്തിൽ പൊതു ദർശനം ഉണ്ടായിരിക്കും.
പാമ്പാടി ഇടിമാരിയിൽ കുടുംബാഗമായ ഇദ്ദേഹം സാബു എബ്രഹാമിന്റെയും ഷേർളി സാബുവിന്റെയും മകനാണ്. ഫെബിൻ, കെവിൻ എന്നിവർ സഹോദരങ്ങളാണ്.
ഗായകനും കീബോഡിസ്റ്റുമായ സ്റ്റെഫിൻ അനുഗ്രഹിക്കപ്പെട്ട യുവജന പ്രവർത്തകൻ കൂടെയായിരുന്നു.

(വാർത്ത : അനീഷ് പാമ്പാടി)