അമേരിക്കയില്‍ ഫുഡ് ഫെസ്റ്റിവലിനിടെ വെടിവയ്‌പ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കയിലെ സിയാറ്റിലില്‍ ഫുഡ് ഫെസ്റ്റിവലിനിടെ ഉണ്ടായ വെടിവയ്‌പ്പില്‍ രണ്ടുപേർ കൊല്ലപ്പെട്ടു.

പ്രാദേശിക ഭക്ഷണസ്റ്റാളുകളും തത്സമയ സംഗീതപരിപാടികളും ഉള്‍പ്പെടുന്ന ‘ബൈറ്റ് ഓഫ് സിയാറ്റില്‍’ എന്ന പരിപാടിക്കിടെയാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തില്‍ അഞ്ചുപേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരെങ്കിലും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടോയെന്ന് ഇതുവരെ വ്യക്തമല്ല.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും പൊലീസ് അറിയിച്ചു. അമേരിക്കൻ സമയം വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ഹാർബർവ്യൂ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. നഗരത്തിലെ പ്രശസ്തമായ ‘സ‌പേസ് നീഡില്‍’ സ്മാരകത്തിന് അടുത്തായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തിരക്കേറിയ തെരുവില്‍ പെട്ടെന്ന് വെടിയൊച്ച മുഴങ്ങുന്നതും തുടർന്ന് ആളുകള്‍ ഭീതിയോടെ ചിതറിയോടുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. കുറഞ്ഞത് എട്ടോളം വെടിയൊച്ച കേട്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ