റഷ്യൻ വ്യോമാക്രമണം; യുക്രെയ്നില്‍ 17 മരണം

കീവ്: യുക്രെയ്നിലെ ഡ്രോണ്‍ എക്സിബിഷൻ കേന്ദ്രത്തിലടക്കം റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 17 പേർ കൊല്ലപ്പെട്ടു.

കീവിനു സമീപം ഡ്രോണ്‍ പ്രദർശനകേന്ദ്രത്തിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മാത്രം പത്തു പേർ കൊല്ലപ്പെടുകയും നൂറു പേർക്കു പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.

കിഴക്കൻ നഗരമായ സ്ലൊവിയാൻസ്കിലുണ്ടായ ഗ്ലൈഡ് ബോംബ് ആക്രമണത്തില്‍ അഞ്ചു പേരും വടക്കൻ നഗരമായ സുമിയില്‍ രണ്ടു പേരും കൊല്ലപ്പെട്ടു.

യുക്രെയ്ൻ സേന ഉപയോഗിക്കുന്ന ഡ്രോണുകളും സാങ്കേതിക വിദ്യകളും പ്രദർശിപ്പിച്ച സ്ഥലത്തെ ലക്ഷ്യമിട്ട് മൂന്നു മിസൈലുകളാണു റഷ്യ തൊടുത്തത്. ഇതില്‍ രണ്ടെണ്ണം ലക്ഷ്യം കണ്ടുവെന്നാണു റിപ്പോർട്ട്. യുക്രെയ്ൻ സൈനികരും ഡ്രോണ്‍ ഉത്പാദകരും എക്സിബിഷനില്‍ പങ്കെടുത്തിരുന്നു.

റഷ്യയിലെ സിവിലിയൻ കേന്ദ്രങ്ങളെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ഡ്രോണുകള്‍ പ്രദർശിപ്പിച്ച സ്ഥലത്താണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. അടുത്തകാലത്ത് യുക്രെയ്ൻ സേന റഷ്യക്കുള്ളില്‍ ഡ്രോണ്‍ ആക്രമണം വർധിപ്പിച്ചിരുന്നു.

യുക്രെയ്നില്‍നിന്ന് ആയിരം കിലോമീറ്റർ അകലെ കിറോവ് നഗരത്തില്‍ വെള്ളിയാഴ്ചയുണ്ടായ ഇത്തരം ആക്രമണത്തില്‍ ആറു പേർ കൊല്ലപ്പെടുകയും 26 പേർക്കു പരിക്കേല്‍ക്കുകയും ചെയ്തു.

റഷ്യയിലെ ഓണ്‍ലൈൻ വില്പന കന്പനിയായ വൈല്‍ഡ്ബെറീസിന്റെ ഗോഡൗണുകള്‍ ലക്ഷ്യമിട്ടും യുക്രെയ്ൻ ആക്രമണം നടത്തുന്നുണ്ട്. റഷ്യൻ സേനയ്ക്ക് ഡ്രോണ്‍ നിർമിക്കാനാവശ്യമായ സാമഗ്രികള്‍ ലഭ്യമാക്കുന്നു എന്നാരോപിച്ചാണിത്.