വാഷിങ്ടൺ: നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം.
10% മുതൽ 12.5% വരെയാണ് തീരുവ. യുകെ, ചൈന, യൂറോപ്യൻ യൂണിയൻ, കാനഡ, ജപ്പാൻ, ഇന്ത്യ എന്നിവയുൾപ്പെടെ പ്രധാന സാമ്പത്തിക പങ്കാളികളെയെല്ലാം ലക്ഷ്യമിട്ടാണ് പുതിയ താരിഫ്
ഈ വർഷം ആദ്യം കൊണ്ടുവന്ന വിദേശ ഉൽപ്പന്നങ്ങൾക്കുള്ള 10% താത്കാലിക നികുതിയുടെ കാലപരിധി അവസാനിച്ചതോടെയാണ് പുതിയ താരിഫ് ഏർപ്പെടുത്തിയത്.
കഴിഞ്ഞ വർഷം അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പുനരുജ്ജീവിപ്പിച്ച ആഗോള വ്യാപാര യുദ്ധത്തിലെ ഏറ്റവും പുതിയ സംഭവവികാസമാണ് ഈ നീക്കം.
ഈ വർഷം ആദ്യം യുഎസ് സുപ്രീം കോടതി ട്രംപ് ഏർപ്പെടുത്തിയ പല താരിഫുകളും നിയമവിരുദ്ധമായി നടപ്പാക്കിയെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയിരുന്നു. ഇതോടെയാണ് പുതിയ വഴികളിലൂടെ ട്രംപ് താരിഫ് നീക്കങ്ങൾ നടത്തുന്നത്.
അമേരിക്ക ഇറക്കുമതി ചെയ്യുന്ന 99.4% ഉൽപ്പന്നങ്ങളെയും ബാധിക്കുന്ന വിധത്തിലാണ് ഈ പ്രഖ്യാപനം. തൊഴിൽ നിയമങ്ങളും മാനദണ്ഡങ്ങളും കർശനമായി പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങൾക്ക് 12.5% നിരക്കിലാണ് താരിഫ് ചുമത്തിയിരിക്കുന്നത്. ആദ്യം ഇന്ത്യക്ക് 12.5 ശതമാനം താരിഫാണ് ഏർപ്പെടുത്തിയിരുന്നതെങ്കിലും അടുത്തിടെ ഇന്ത്യ അടുത്തിടെ തൊഴിൽ ചൂഷണങ്ങൾക്കെതിരെ പുതിയ നിയമങ്ങളും നടപടികളും കൊണ്ടുവന്നത് കണക്കിലെടുത്ത് താരിഫ് നിരക്ക് 10% ആയി കുറച്ചു.
ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ നിർബന്ധിത തൊഴിലിലൂടെ ഉത്പാദിപ്പിച്ചവയല്ലെന്ന് ഉറപ്പാക്കുന്നതിൽ ഈ രാജ്യങ്ങൾ പരാജയപ്പെട്ടു എന്ന കാരണത്താലാണ് ഈ നടപടി സ്വീകരിച്ചതെന്ന് ട്രംപ് ഭരണകൂടം പറയുന്നു. നിർബന്ധിത തൊഴിൽ എന്നത് മനുഷ്യാവകാശ ലംഘനമാണെന്നും, ഇത് തടയുന്നത് തൊഴിലാളികളുടെ ക്ഷേമം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീർ പ്രസ്താവിച്ചു.




