ബാങ്കോക്കിലെ ലോഡ്ജില്‍ മലയാളി യുവാവ് മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തലവടി ഗ്രാമപഞ്ചായത്തിലെ ആമപ്രാമ്പല്‍ തെക്ക് പുന്നശ്ശേരി സ്വദേശിയായ പ്രജിത് പുഷ്പാംഗദന്‍(49) ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കുമുള്ളതായാണ് പ്രാഥമിക വിവരം. മുറിയില്‍ നിന്നും ലഭിച്ച പാസ്‌പോര്‍ട്ടിലെ വിലാസത്തിന്റെ അടിസ്ഥാനത്തില്‍ തായ് അധികൃതര്‍ എടത്വ പൊലീസിനെ മരണ വിവരം അറിയിക്കുകയായിരുന്നു.

യുകെയില്‍ അധ്യാപകനായി ജോലി ചെയ്യുന്ന പ്രജിത് അവധി ആഘോഷത്തിനായാണ് തായ്‌ലന്റില്‍ പോയത്. ഇത്തരത്തില്‍ വിദേശയാത്രകള്‍ പതിവായിരുന്നെങ്കിലും ഇത്തവണ പ്രജിത് ഒറ്റക്കായിരുന്നു യാത്ര ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അഞ്ചുദിവസം മുന്‍പ് അമ്മയുമായി ഫോണില്‍ സംസാരിക്കുകയും ഉടന്‍ നാട്ടിലെത്തുമെന്ന് പ്രജിത് അറിയിക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസം മുന്‍പ് പ്രജിത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ