ജമ്മു: ജമ്മു-കാഷ്മീരിലെ അതിർത്തി ജില്ലകളായ പൂഞ്ച്-രജൗരി മേഖലയില്‍ മിന്നല്‍പ്രളയത്തെത്തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ 11 പേർ മരിച്ചു.
ഒട്ടേറെ പേരെ കാണാതായി. പൂഞ്ച് ജില്ലയിലെ സുരാൻകോട്ട് താലൂക്കില്‍ കനത്ത നാശമുണ്ടായതായാണു റിപ്പോർട്ട്.മഴ ശക്തമായി തുടരുന്നതിനിടെ കാണാതായവർക്കായുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും വെല്ലുവിളിയായി തുടരുകയാണ്. രണ്ടു വയസുകാരൻ സോഫിയാൻ യാസർ ഉള്‍പ്പെടെ അഞ്ചു പേരുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു കണ്ടെടുത്തു. കാണാതായവർക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി സന്ദർശനം വെട്ടിച്ചുരുക്കി സംസ്ഥാനത്തേക്കു മടങ്ങി. ജമ്മു-കാഷ്മീരില്‍ ജൂലൈ 23 മുതല്‍ ഭേദപ്പെട്ട മഴയുണ്ടാകുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായെങ്കിലും ശനിയാഴ്ച വൈകുന്നേരം മുതല്‍ മഴ ശക്തിപ്രാപിക്കുകയായിരുന്നു.
കനത്ത മഴയെത്തുടർന്നുള്ള മിന്നല്‍പ്രളയത്തിലും മണ്ണിടിച്ചിലിലും നാഗാലാൻഡിലെ ഉള്‍നാടൻ അതിർത്തിജില്ലയായ മോനില്‍ മൂന്നു പേർ മരിച്ചു. ഒട്ടേറെയാളുകള്‍ പ്രളയബാധിത മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്.




