ഷാജി ആലുവിള

പ്രാർത്ഥനയുടെ മറവിൽ സഹോദരനെ തലക്ക് അടിച്ച് കൊലപ്പെടുത്തി. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന അരും കൊലയാണ് സ്വന്തം സഹോദരൻ ചെയ്തത്.
വളരെ സന്തോഷമായി മാതാപിതാക്കൾക്കൊപ്പം ആയിരുന്നു ആൺമക്കളായ ഇരുവരും കഴിഞ്ഞിരുന്നത്. പെട്ടെന്നുള്ള പ്രകോപനമാണ് കൊലക്ക് പിന്നിലെന്ന് സംസാരം.
ഇണപ്രാവുപോലെ ഒരുമിച്ചായിരുന്നു കഴിപ്പും കിടപ്പും യാത്രയുമൊക്കെ. മാതാപിതാക്കൾക്ക് ഇരുവരുടെയും ആത്മാർത്ഥതയിൽ വളരെ തൃപ്തിയും സന്തോഷവുമായിരുന്നു.
ജനവാസം കുറവായ വയൽപ്രദേശം ആയിരുന്നതിനാൽ ക്രൂരമായ സംഭവം നടന്നതിന് ദൃക്സാക്ഷികൾ ഇല്ലായിരുന്നു.
ദൈവത്തിൻ്റെ കൈയ്യൊപ്പ് പോലെ ചില തെളിവുകൾ ചില സാഹചര്യങ്ങളിൽ ശേഷിച്ചിരിക്കും. ആ തെളിവുകൾ മാറ്റാതെ ആയിരിക്കും കുറ്റവാളികൾ രക്ഷപ്പെടുന്നത്.
കുറ്റവാളി ഉപേക്ഷിച്ചതോ, മരണപ്പെട്ടവരുടെ രക്തമോ മുടിയോ മറ്റ് വസ്തുക്കളോ ആയിരിക്കും പരിശോധനകളിൽ കുറ്റവാളിയെ കണ്ടുപിടിക്കുവാൻ തെളിവിന് വഴിയൊരുക്കുന്നത്.
മനസാക്ഷിയെ മരവിപ്പിക്കുന്ന ഇതുപോലെയുള്ള സംഭവങ്ങൾ നാട്ടിൽ വർധിച്ചു വരുകയാണ്. മാതാപിതാക്കളെപ്പോലും അതിക്രൂരമായി കൊന്നുകളയുന്ന മക്കളുടെ ഒരു നാടായി മാറിയിരിക്കുകയാണ് ഈ നാട്.
ഇരുമക്കളെയും ഒരു പോലെ സ്നേഹിച്ചിരുന്നിട്ടും ഈ സഹോദരന്മാരിൽ ഒരുവന് ഉണ്ടായ പകയുടെ കാരണവും അതുതന്നെ. തന്നേക്കാൾ അധികമായി അനുജനെ അപ്പനമ്മമാർ സ്നേഹിക്കുന്നു എന്ന കാരണം കൊണ്ടാണ് കല്ലുകൊണ്ട് തലക്കടിച്ചതെന്ന് സംശയിക്കുന്നു.
അത് മാത്രമല്ല അധ്യാത്മിക ജീവിതത്തിൽ പോലും ദൈവത്തിന് സ്നേഹം തൻ്റെ സഹോദരനോടാണെന്ന് കൊലപാതകിയായ സഹോദരന് സംശയമുണ്ടായിരുന്നു. അതുകൊണ്ട് അവൻ്റെ മുഖം മിക്കപ്പോഴും കോപംകൊണ്ട് നിറയുകയും നിരാശകൊണ്ട് മുഖം വാടിയുമാണ് കണ്ടിരുന്നത്. സഹവർത്തിത്വം നടത്തുമ്പോഴും അവൻ്റെ ഉള്ളു ക്രൂരതകൊണ്ട് തിളക്കുകയായിരുന്നു സ്വന്തം കൂടപ്പിറപ്പിനെതിരെ. കൊല്ലുവാനുള്ള പക വർധിച്ചുവന്നത് ആരും കണ്ടില്ല.
കൂടെ നിന്നവനെ, കൂടെപിറന്നവനെ ഇല്ലായ്മചെയ്യുവാൻ തക്കം നോക്കി അടിച്ചു വീഴ്ത്തുന്ന എത്രയോ സഹോദരങ്ങൾ അനേകരെ ഇല്ലായ്മ ചെയ്യുന്നു. ഒരിക്കലും ഒരു ഗതിയും ഉണ്ടാകരുതെന്ന് കണക്കുകൂട്ടി ചവിട്ടിയരച്ചു കളയുന്നു.
കോപം ആയിരുന്നു ഇളയ സഹോദരനെ കൊലപ്പെടുത്തുവാൻ കാരണം. പ്രാർത്ഥനയിൽ തനിക്ക് ദൈവത്തിൽ നിന്നും ഒന്നും നേടുവാൻ സാധിച്ചില്ല. കാരണം അവൻ്റെ ഉള്ളിൽ നന്മയില്ലായിരുന്നു. എന്നാൽ അനുജൻ്റെ ആരാധനയിൽ ദൈവം അവനെ അനുഗ്രഹിച്ചു എന്നുള്ള ചിന്ത അവനെ അസ്വസ്ഥപ്പെടുത്തി. അത് പകയും ക്രൂരതക്കും കാരണമായി. അങ്ങനെ ആരുമില്ലാത്ത വയലിലേക്ക് സ്നേഹം നടിച്ച് അനുജനെ കൂട്ടിക്കൊണ്ട് പോയാണ് കൊല നടത്തിയത്.
ആരും അറിഞ്ഞില്ല എന്ന് വിചാരിച്ച് സ്ഥലം വിട്ട ജ്യേഷ്ഠനോട് ആരോ ചോദിച്ചു നിൻ്റെ സഹോദരൻ എവിടെ? പതറിയ ശബ്ദത്തിൽ അവൻ പറഞ്ഞു: അത് എനിക്ക് എങ്ങനെ അറിയാം? അവൻ്റെ കാവൽക്കാരനാണോ ഞാൻ? ആ ശബ്ദം വീണ്ടും പറഞ്ഞു അവൻ്റെ ചോരയുടെ ശബ്ദം എന്നോട് നിലവിളിക്കുന്നു.
ഒടുവിൽ അവൻ തിരിച്ചറിഞ്ഞു എന്നോട് സംസാരിച്ച ശബ്ദം ദൈവത്തിൻ്റേത് തന്നെ. ഈ കൊടും ക്രൂരത മറച്ചുവെക്കാൻ സാധിക്കാതവണ്ണം ദൈവമുമ്പാകെ തെളിവ് സഹിതം എത്തിയെന്നുള്ളത് ജേഷ്ഠസഹോദരൻ അറിഞ്ഞില്ല. മരണപ്പെട്ട അനുജൻ തന്നെ ഉന്നതകോടതിയിലോട്ട് നിലവിളിച്ചു പറയുന്നുണ്ട്, എന്നെ ഒരു കാരണവും കൂടാതെ എൻ്റെ ജേഷ്ഠൻ ക്രൂരമായി കൊന്നുവെന്ന്. അത് മനസ്സിലാക്കിയ കൊലപാതകിയായ ജേഷ്ഠൻ ദൈവത്തോട് പറയുന്നു: “എൻ്റെ കുറ്റം ക്ഷമിക്കാൻ കഴിയുന്നതിനേക്കാൾ വലുതാകുന്നു”
കൊലപാതകിയായ ജേഷ്ഠനെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തില്ലെങ്കിലും ദൈവീക കോടതി അവനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് ശിക്ഷ വിധിച്ചു. ഒപ്പം ഒരു രക്ഷയും, അതിന് അവൻ്റെ അനുതാപമായിരുന്നു കാരണം.
ഇങ്ങനെയുള്ള സംഭവങ്ങൾ ഇനിയും ഉണ്ടാകാതവണം നമ്മുടെ സമൂഹത്തെ, കുടുംബങ്ങളെ, സഹോദരങ്ങളെ നമ്മെപ്പോലെ സ്നേഹിക്കുക.




