യെമെനിൽ ഹൂതികൾ 14 സൈനികരെ വധിച്ചു; ഏറ്റവും രക്തരൂഷിതമായ ആക്രമണം

ഏഡൻ: യെമെനിലെ ഔദ്യോഗിക സർക്കാരിന്റെ ഭാഗമായ സൈന്യത്തിലെ 14 പേർ ഹൂതികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഹൊദെയ്ദ നഗരത്തിന് തെക്ക് ഹയ്സ് ജില്ലയിലെ ജബൽ ദുബാസിലാണ് ആക്രമണമുണ്ടായത്. ഏറ്റുമുട്ടലിൽ 23 സൈനികർക്ക് പരിക്കേറ്റു.

അടുത്തിടെ യെമെനിലുണ്ടായ ഏറ്റവും രക്തരൂഷിതമായ ആക്രമണമാണിതെന്ന് രാജ്യത്തെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എഫ്.പി. റിപ്പോർട്ടുചെയ്തു.

വെള്ളിയാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ചില ഭാഗങ്ങൾ ഹൂതികൾ പിടിച്ചെടുത്തെങ്കിലും ശനിയാഴ്ച പുലർച്ചെയോടെ ശക്തമായ പ്രത്യാക്രമണം നടത്തിയ സൈന്യം ഇവ തിരിച്ചുപിടിച്ചു. ആക്രമണത്തിൽ ഹൂതികളും കൊല്ലപ്പെട്ടെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇറാന്റെ ഒരു വിമാനം നിലത്തിറങ്ങുന്നത് തടഞ്ഞെന്നുകാട്ടി സൗദിയുടെ വിമാനത്താവളങ്ങളെയുൾപ്പെടെ ലക്ഷ്യംവെക്കുമെന്ന് വെള്ളിയാഴ്ച ഹൂതികൾ ഭീഷണിമുഴക്കിയിരുന്നു. യെമെൻ സർക്കാരിനെ പിന്തുണയ്ക്കുന്ന രാജ്യമാണ് സൗദി.

2015-മുതലാണ് ഹൂതികളും സർക്കാരും തമ്മിൽ പോരു തുടങ്ങിയത്. ഇത് ആയിരങ്ങളുടെ മരണത്തിനിടയാക്കുകയും യെമെനിൽ വലിയ മാനുഷികപ്രതിസന്ധിക്ക് കാരണമാകുകയും ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 2022-ൽ നിലവിൽവന്ന വെടിനിർത്തലോടെ വലിയ ഏറ്റുമുട്ടലുകൾ ഒട്ടുമിക്കവാറും നിലച്ചിരിക്കുകയായിരുന്നു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും