സാബു തൊട്ടിപ്പറമ്പില്‍
രണ്ടാം ലോക മഹായുദ്ധത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിഗൂഢവും ആകർഷകവുമായ ഒരു അധ്യായം വീണ്ടും ചർച്ചയാകുന്നു. യുദ്ധകാലത്ത് അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിൽ അപ്രത്യക്ഷമായ, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി പോയ ജാപ്പനീസ് മുങ്ങിക്കപ്പലായ ‘I-52’-ന്റെ ചരിത്രമാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുന്നത്.
സമുദ്രോപരിതലത്തിൽ നിന്നും ഏകദേശം 3 മൈൽ (17,000 അടിയിലധികം) താഴ്ചയിൽ, അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിൽ ഇന്നും ഈ ഭീമൻ മുങ്ങിക്കപ്പൽ ‘സുരക്ഷിതമായി’ നിലകൊള്ളുന്നു.
1944-ലെ വേനൽക്കാലത്താണ് ജപ്പാനെയും നാസി ജർമ്മനിയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ആ രഹസ്യ ദൗത്യം ആരംഭിക്കുന്നത്. അക്കാലത്ത് സഖ്യകക്ഷികളുടെ ശക്തമായ ഉപരോധം മറികടന്ന് ജർമ്മനിക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ എത്തിക്കുക എന്നതായിരുന്നു I-52 എന്ന ഈ ഭീമൻ കാർഗോ മുങ്ങിക്കപ്പലിന്റെ ലക്ഷ്യം.
ജർമ്മനിയുടെ അത്യാധുനിക സൈനിക സാങ്കേതികവിദ്യയ്ക്ക് പകരമായി ജപ്പാൻ നൽകിയ പ്രതിഫലമായിരുന്നു ഇതിലുണ്ടായിരുന്നത്.
മുങ്ങിക്കപ്പലിൽ ഉണ്ടായിരുന്ന പ്രധാന വസ്തുക്കള്‍
2 ടൺ തങ്കം- 146 കട്ടികളാക്കി മാറ്റിയ വിലപിടിപ്പുള്ള സ്വർണ്ണം, യുദ്ധസാമഗ്രികൾ, ടൺ കണക്കിന് റബ്ബർ, ടിൻ, ടങ്സ്റ്റൺ (യുദ്ധോപകരണങ്ങളും ആയുധങ്ങളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന അതിശക്തമായ ഒരു ലോഹം (Heavy Metal).
മറ്റ് അത്യാവശ്യ മരുന്നുകളും കറുപ്പും (യുദ്ധത്തിൽ പരിക്കേൽക്കുന്ന സൈനികർക്ക് കഠിനമായ വേദന അറിയാതിരിക്കാൻ നൽകുന്ന വേദനസംഹാരി മരുന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അഫീൻ ലഹരി പദാർത്ഥമാണ് കറുപ്പ്.)
എല്ലാം അതീവ രഹസ്യമായിരുന്നെങ്കിലും, ജാപ്പനീസ് നാവികസേനയുടെ രഹസ്യ കോഡുകൾ അമേരിക്കൻ കോഡ് ബ്രേക്കർമാർ ചോർത്തിയതോടെ I-52-ന്റെ വിധി കുറിക്കപ്പെട്ടു. മുങ്ങിക്കപ്പലിന്റെ കൃത്യമായ സ്ഥാനം മനസ്സിലാക്കിയ യുഎസ് നാവികസേന, തങ്ങളുടെ വിമാനങ്ങളിൽ നിന്നും ബോംബർ കപ്പലുകളിൽ നിന്നും അറ്റ്ലാന്റിക്കിൽ വച്ച് ഇതിനെ ആക്രമിക്കുകയും മുങ്ങിക്കപ്പൽ സമുദ്രത്തിലേക്ക് താഴ്ന്നുപോവുകയും ചെയ്തു. നൂറിലധികം സൈനികരും ഉദ്യോഗസ്ഥരും അന്ന് ഇതിനൊപ്പം ജലസമാധിയടഞ്ഞു.
50 വർഷങ്ങൾക്ക് ശേഷമുള്ള കണ്ടെത്തൽ
യുദ്ധം കഴിഞ്ഞ് പതിറ്റാണ്ടുകളോളം ഇതൊരു കടങ്കഥയായി അവശേഷിച്ചു.
വർഷങ്ങൾക്ക് ശേഷം 1995-ൽ പ്രശസ്ത സമുദ്ര ഗവേഷകനായ പോൾ ടിഡ്‌വെല്ലിന്റെ നേതൃത്വത്തിലുള്ള സംഘം അത്യാധുനിക സോനാർ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ മുങ്ങിക്കപ്പൽ കണ്ടെത്തി. കറുത്ത ആഴക്കടലിൽ, നേരെ ലംബമായി നിൽക്കുന്ന നിലയിലാണ് ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അക്കാലത്ത് ഇതിൽ നിന്നും ചില വ്യക്തിഗത വസ്തുക്കൾ വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നു.
1995-ൽ കണ്ടെത്തിയ ഈ ചരിത്രസ്മാരകം, ഇപ്പോഴും സമുദ്രത്തിന്റെ അടിത്തട്ടിൽ ഒരു ‘യുദ്ധക്കല്ലറ’ ആയി സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഇതിനുള്ളിലുണ്ടായിരുന്ന കോടിക്കണക്കിന് രൂപയുടെ സ്വർണ്ണക്കട്ടികൾ ഇന്നും ആർക്കും തൊടാനാകാതെ അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിൽ സുരക്ഷിതമായി തുടരുന്നു എന്നതാണ് ഈ ചരിത്രത്തെ ഇന്നും ആകർഷകമാക്കുന്നത്. യുദ്ധകാലത്തെ സമുദ്രാന്തര പോരാട്ടങ്ങളുടെയും നഷ്ടപ്പെട്ട നിധികളുടെയും ഒരു ഓർമ്മപ്പെടുത്തലായി I-52 ഇന്നും സമുദ്രത്തിന്റെ ഇരുണ്ട കോണുകളിൽ വിശ്രമിക്കുന്നു.




