പാരിസ്: സ്‌കൈ ഡൈവിംഗ് സംഘം സഞ്ചരിച്ച വിമാനം തകര്‍ന്നുവീണ് 11 പേര്‍ക്ക് ദാരുണാന്ത്യം. കിഴക്കന്‍ ഫ്രാന്‍സിലെ ടോംബ്ലൈന്‍ ടൗണിലാണ് സംഭവം. സ്‌കൈ ഡൈവിങ് പരിശീലിക്കുന്ന അഞ്ച് വിദ്യാര്‍ത്ഥികളും അഞ്ച് പരിശീലകരും പൈലറ്റുമാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാന്‍സി- എസ്സി എയര്‍ഫീല്‍ഡില്‍ നിന്നും പറന്നുയര്‍ന്ന ചെറുവിമാനമാണ് തകര്‍ന്നുവീണത്. ജനവാസ മേഖലയ്ക്കടുത്താണ് വിമാനം പതിച്ചത്. ഉടന്‍ തന്നെ പൊലീസ് യൂണിറ്റുകളും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
സാല്‍വഡോര്‍ അലന്‍ഡെ സ്ട്രീറ്റിലേക്കുളള പ്രവേശനം പൊലീസ് തടഞ്ഞിരിക്കുകയാണ്. അടിയന്തര സേവന വാഹനങ്ങള്‍ക്ക് തടസമില്ലാതെ കടന്നുപോകാന്‍ സൗകര്യത്തിനായാണ് നിയന്ത്രണമെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സാങ്കേതിക തകരാറാണോ കാലാവസ്ഥാ പ്രശ്‌നമാണോ മറ്റ് കാരണങ്ങളാണോ എന്ന് കണ്ടെത്താന്‍ ഫ്രാന്‍സ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു.




