വാനിയ – ചിക്കാഗോ, ഡെൻവർ, ഹ്യൂസ്റ്റൺ കോൺഫ്രൻസുകളിൽ ലഭിക്കും
റഷ്യൻ തടവറയിൽ ക്രിസ്തുവിനായി രക്തസാക്ഷിയാകേണ്ടിവന്ന വാനിയയുടെ ജീവചരിത്രം ചിക്കാഗോ, ഡെൻവർ, ഹ്യൂസ്റ്റൺ കോൺഫ്രൻസുകളിൽ ലഭിക്കും. 90 കളിൽ ഗുഡ്ന്യൂസിലൂടെ പരമ്പരയായി വാനിയ പ്രസിദ്ധീകരിച്ചിരുന്നു. അന്നത് പുസ്തകമാക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും പകർപ്പവകാശികളായ ബ്രിട്ടനിലെ കിങ്സ്‌വേ പബ്ളിക്കേഷൻ അനുവാദം തന്നില്ല.

മൂന്ന് വർഷം മുമ്പ് ഫ്ലോറിഡായിൽ നിന്നും റവ. മനു ഫിലിപ്പിൻ്റെ ശ്രമഫലമായിട്ടാണ് പുസ്‌തകമാക്കാൻ അനുവാദം ലഭിച്ചത്. ഇപ്പോൾ വാനിയയുടെ പകർപ്പവകാശം ഫ്ലോറിഡയിലുള്ള ഒരു ഉണർവ്വ് ഗ്രൂപ്പിൻ്റെ കയ്യിലാണ്. മനു ഫിലിപ്പ് തന്നെയാണ് ഡിറ്റിപി വർക്കുകൾ കൂടുതലും ചെയ്തത്. ഇന്നത്തെ കേരള മുഖ്യമന്ത്രിയായ വി.ഡി സതീശനാണ് പുസ്‌തകം പ്രകാശനം ചെയ്തത്.
പ്രശസ്ത ക്രൈസ്തവ സാഹിത്യകാരി മിർന ഗ്രാൻ്റാണ് പുസ്‌തകത്തിൻ്റെ രചയിതാവ്.
കാലടി സംസ്‌കൃത സർവ്വകലാശാല റിട്ട. പ്രൊഫസറും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ സീനിയർ അക്കാദമിക് ഫെലോയുമായ ഡോ. ഓമന റസ്സലാണ് പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത്.
ഒരു ക്രിസ്ത്യൻ കുടുംബമായിരുന്നു വാനിയയുടേത്. ഇവാൻ മോയ്സേവ് എന്നാണ് ഔദ്യോഗികനാമം. വാനിയ എന്നത് വീട്ടുകാരുടെ ഓമനപ്പേരും. അഗാധമായ ക്രിസ്തു സ്നേഹത്തിന് അടിമയായിരുന്നു അദ്ദേഹം. പട്ടാളത്തിൽ ചേരാൻ ഒരുങ്ങിയപ്പോൾ വീട്ടുകാർ എതിർത്തു. ” സോവ്യറ്റ് ചെമ്പടയിൽ നിനക്കൊരു നല്ല പട്ടാളക്കാരനാകാൻ ആകില്ല” എന്ന് പറഞ്ഞ് ജേഷ്ഠൻ വാനിയയെ വിലക്കി. വാനിയയുടെ മറുപടി എൻ്റെ ദൈവത്തിനായി അവിടെ എനിക്ക് ചിലത് ചെയ്യാൻ ഉണ്ടെന്നായിരുന്നു.

പട്ടാളത്തിൽ ചേർന്ന അന്നുമുതൽ സമയം കണ്ടെത്തി പ്രാർത്ഥിക്കുമായിരുന്നു. സഹപട്ടാളക്കാരോട് സുവിശേഷം കൂടി പങ്ക് വച്ച് തുടങ്ങിയതോടെ വാനിയ നോട്ടപ്പുള്ളിയായി. കമ്മ്യൂണിസ്റ്റ് രാജ്യമാണ് യു.എസ്.എസ് ആർ. ഇവിടെ ദൈവിശ്വാസത്തിന് പ്രസക്തിയില്ല. ഭൗതികവാദത്തിൽ ഊന്നി നിൽക്കുന്ന രാജ്യമാണെന്നൊക്കെ അധികാരികൾ പറഞ്ഞു നോക്കിയെങ്കിലും വാനിയ വഴങ്ങിയില്ല.
ആദ്യ ശിക്ഷ മുട്ടിലിഴഞ്ഞ് ഡൈനിംഗ് ഹാൾ വൃത്തിയാക്കാനായിരുന്നു. സഹപ്രവർത്തകരോട് കർത്താവിനെ കുറിച്ച് പറയുന്നതിനനുസരിച്ച് ശിക്ഷ കൂടിക്കൂടി വന്നു. രാത്രി മുഴുവൻ ഐസിൽ നിർത്തി. കുഞ്ഞ് മുറിയിൽ രാത്രി മുഴുവൻ കുനിഞ്ഞ് നിൽക്കേണ്ടിവന്നു. മർദ്ദനവും തുടർന്നു. നിരവധി ശിക്ഷകൾ നൽകിയിട്ടും വാനിയ വിശ്വാസത്തിൽ നിന്നും പിൻമാറിയില്ല. ഒടുവിൽ കെ.ജി.ബി ഉദ്ദ്യോഗസ്ഥർ സൗണ്ട് പ്രൂഫ് റൂമിലിട്ട് അടിച്ച് കൊല്ലുകയായിരുന്നു. കണ്ണുകൾ അടയുമ്പോൾ മുമ്പിൽ നിൽക്കുന്ന ഭീകരനായ പട്ടാള മേധാവി മാൽ സിനെ നോക്കി വാനിയ ഇങ്ങനെ പറഞ്ഞു. ” യേശു നിന്നെയും സ്നേഹിക്കുന്നു “.
അതൃന്തം ഹൃദയസ്പൃക്കാണ് വാനിയയുടെ ജീവചരിത്രം. മിർന ഗ്രാൻൻ്റിൻ്റെ ഭാഷയും മലയാളത്തിലേക്കുള്ള ഓമന റസ്സലിൻ്റെ പരിഭാഷയും മികച്ചതാണ്.
(ഫോൺ: 267 238 7900




