ഒരിടത്ത് സ്വർണ്ണക്കൊള്ളമറ്റൊരിടത്ത് സ്വർണ്ണ ഭീതി

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

ഒരിടത്ത് കേൾക്കുന്ന ശബ്ദം സ്വർണം ആരോ കട്ടു കൊള്ളയടിച്ചു, മറ്റൊരിടത്ത് സ്വർണ്ണം വേണമോ? വേണ്ടയോ? മഹാ മണ്ടത്തരമോ? മഹാ വിശ്വാസമോ? ആഭരണധാരണം നിഷിദ്ധമോ? അല്ലയോ? ആകപ്പാടെ ഒരു കൺഫ്യൂഷൻ.

പിന്നെ അതിനെ ചൊല്ലിയുള്ള അങ്കലാപ്പുകളും കോലാഹലങ്ങളും. ഒന്ന് പറയട്ടെ, അധികമായാൽ അമൃതും വിഷം. ഒന്ന് പുറകോട്ട് ചിന്തിക്കുന്നത് നന്നായിരിക്കും. വിദേശ മിഷണറിമാർ കേരളത്തിൻ്റെ മണ്ണിൽ സുവിശേഷം പ്രചരിപ്പിച്ചിരുന്നു. അവർ ദൈവത്തിന് പ്രിയമുള്ള വിശ്വസ്തദാസന്മാരായിരുന്നു. ആഭരണ വർജ്ജനം അവർ പഠിപ്പിച്ചില്ല, പറഞ്ഞില്ല എങ്കിലും അവർ ദൈവവചനത്തിൻ്റെ സത്യങ്ങൾ പങ്കുവെച്ചു. അങ്ങനെ ഒരു ആത്മിക നവോത്ഥാനത്തിൻ്റെ തീ നാളം കത്തി പടരുവാൻ തുടങ്ങി.

പിന്നീടങ്ങോട്ട് ഉള്ള കാലങ്ങളിൽ ഇറങ്ങിയ പിതാക്കന്മാർ വേർപാടിൻ്റെ ഒരു പ്രതീകമായി ആഭരണം പാടില്ല, വെള്ള ധരിക്കണം ക്ലീൻ ഷേവ്, ചെയ്തിരിക്കണം എന്നൊക്കെ നിഷ്കർഷിച്ചു. ആഭരണധാരികൾക്ക് വിശ്വാസസ്നാനവും കർതൃമേശയും കൊടുക്കുകയില്ല എന്ന് പലരും ശഠിച്ചിരുന്നു. ഇത് വെറും ഒരു മാനുഷിക നിയമവും ആചാരവും കേവലം കേരള സംസ്കാരത്തിൻ്റെ പ്രതീകവും ആയിരുന്നു.

അങ്ങനെ നമ്മൾ വിശുദ്ധിയും വേർപാടും വിലയിരുത്തിയത് പുറമേയുള്ളതിന് വലിയ പ്രാധാന്യം കൊടുത്തുകൊണ്ടായിരുന്നു.

പുതിയ നിയമത്തിൽ ആഭരണ വർജ്ജനം ദൈവസഭയുടെ അടിസ്ഥാന ഉദേശങ്ങളിൽ ഒന്ന് എന്ന് പരിശുദ്ധാത്മാവ് രേഖപ്പെടുത്തുന്നില്ല. ഇത് പെന്തക്കോസ്തു ഉപദേശം ആക്കി മാറ്റരുതായിരുന്നു. അത് മഹാ മണ്ടത്തരവും അതു നിമിത്തം പലർക്കും പെന്തക്കോസ്ത് വിശ്വാസത്തിൽ കടന്നുവരുവാനും കഴിഞ്ഞിട്ടില്ല എന്ന് ഒരു ക്രിസ്തീയ വിഭാഗത്തിൻ്റെ ആദരണീയനായ നേതാവ് പ്രസ്താവിച്ചത് ഒരു പരിധിവരെ ശരി ആയിരിക്കും.

ഈ ആഭരണ വർജ്ജനം എന്ന കഷായത്തിൻ്റെ കുറുപ്പടി എഴുതിയത് നിമിത്തം വിശേഷാൽ ഒട്ടനവധി സഹോദരിമാർ കഷ്ടങ്ങളും അപമാനങ്ങളും നിന്ദകളും സഹിച്ചു എന്നുള്ള യാഥാർത്ഥ്യം നമുക്ക് മറക്കുവാൻ കഴിയില്ല. അതിൻ്റെ മൂല കാരണം മനുഷ്യൻ്റെ വാക്കുകൾ ദൈവത്തിൻ്റെ വാക്കുകൾക്ക് മീതെ ഉയർത്തി വെച്ചതുകൊണ്ട് മാത്രമാണ്.

ഓർക്കുക മനുഷ്യൻ്റെ വാക്കുകൾ അന്നും ഇന്നും എന്നും മാറിക്കൊണ്ടിരിക്കും. എന്നാൽ സ്വർഗ്ഗത്തിൻ്റെ വാക്കുകൾക്കും തിരുവചനത്തിൻ്റെ ഉപദേശത്തിനും കാലഘട്ടം മാറിയാലും യുഗങ്ങൾ മാറിയാലും മാറ്റവും തിരുത്തലും ഇല്ല. അന്നുള്ള അപ്പോസ്തോലന്മാർ പൗലോസും പത്രോസും തിരുത്തി പറഞ്ഞിട്ടില്ല .എന്നാൽ അവർ ജീവിതങ്ങളെ തിരുത്തിയിരുന്നു.

ഇന്നുള്ള പല അപ്പോസ്തോലന്മാരും ഒഴുക്കിനൊത്ത് നീന്തുന്നവരാണ് ഇത് പെന്തക്കോസ്തിൻ്റെ ദുരന്തമായി മാറി.

പുതിയ നിയമ വിശ്വാസി അകമേ പരിച്ഛേദന പ്രാപിച്ചവൻ ആയിരിക്കണം. വാഴ്ത്തപ്പെട്ടവനായ കർത്താവോ അപ്പോസ്തോലന്മാരോ പുതിയ നിയമത്തിൽ
എങ്ങും ആഭരണം ധരിക്കുന്നത് പാപമാണ് എന്ന് പറഞ്ഞിട്ടില്ല, പഠിപ്പിച്ചിട്ടുമില്ല. ആഭരണധാരികൾ സ്വർഗ്ഗത്തിൽ പോകില്ല എന്നും അവർക്കു കർതൃമേശ കൊടുക്കരുത് എന്നുള്ളതും വെറും മാനുഷിക കൽപ്പനയും ഉപദേശവും അത്രേ.

ശരിയായ പെന്തക്കോസ്ത് പുറമേയുള്ള അലങ്കാരത്തിനും മനുഷ്യർ കാണുവാൻ ചെയ്യുന്ന പ്രവർത്തികൾക്കും പ്രാധാന്യം കൊടുക്കുന്നുവെങ്കിൽ പരാജയപ്പെട്ടുപോയി. പഴയ മനുഷ്യനെ അതിൻ്റെ രാഗ മോഹങ്ങളോടുകൂടെ ക്രൂശിക്കുവാനും കുഴിച്ചിടുവാനും ഉരിഞ്ഞു കളയുവാനും കഴിയുന്നു എങ്കിൽ സ്വർഗ്ഗത്തിൽ നമുക്കൊരു ഇടമുണ്ട്. കമ്മലും മാലയും ഊരിയിട്ട് പഴയ സ്വഭാവത്തെയും പ്രവർത്തികളെയും
വിട്ടൊഴിയുവാൻ സാധിക്കുന്നില്ല എങ്കിൽ നമ്മുടെ വിശ്വാസവും പ്രവർത്തികളും വ്യർഥമത്രേ.

സ്വർഗ്ഗത്തിൻ്റെ അ വാതിൽ നമുക്ക് മുമ്പിൽ ഓട്ടോമാറ്റിക്കായി തുറക്കപ്പെടില്ല.

ഹോരേബ് തുടങ്ങി ഇസ്രയേൽ മക്കൾ ആഭരണം ധരിച്ചില്ല (പുറപ്പാട് 33: 6) എന്ന് ചിലർ ശഠിക്കുമ്പോൾ ഓർക്കുക യഹോവയായ ദൈവം ഇസ്രയേലിനെ നോക്കി ഇങ്ങനെ പറയുന്നു ഞാൻ നിന്നെ ആഭരണം അണിയിച്ചു. നിൻ്റെ കൈക്ക് വളയും കഴുത്തിൽ മാലയും ഇട്ടു ഞാൻ നിൻ്റെ മൂക്കിനു മൂക്കുത്തിയും കാതിൽ കുണുക്കും ഇട്ടു തലയിൽ ഭംഗിയുള്ള ഒരു കിരീടവും വെച്ചു. ഇങ്ങനെ നീ പൊന്നും വെള്ളിയും അണിഞ്ഞു
(യെഹെസ്ക്കേൽ 16 11). ഇത് ഉപദേശം അല്ല ദൈവം തൻ്റെ സഭയെ അണിയിച്ചൊരുക്കുന്ന ഒരു ദൃഷ്ടാന്തമാണ്. പഴയ നിയമത്തിൽ പൊന്നും വെള്ളിയും വിശിഷ്ട വസ്തുക്കളും ധനത്തിൻ്റെയും ബഹുമാനത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രത്യേകമായിരുന്നു (ഉല്പത്തി 24.53).

അപ്പോസ്തോലനായ പത്രോസ് പൊന്ന് അണിയരുത് എന്ന അനുശാസിക്കുന്നില്ല. കേവലം ബാഹ്യമായ അലങ്കാരം ,തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതിലും ഉപരിയായി ആഴത്തിലുള്ള ഒരു സത്യം അതിൽ കൂടി വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. അ സൗമ്യതയും സാവധാനതയും(1 പത്രോസ് 3: 3,4) അത് ദൈവത്തിനു വിലയേറിയത് എന്ന് ആത്മാവിൽ ചുണ്ടിക്കാണിക്കുന്നു. ഇതുതന്നെയത്രേ ധന്യനായ പൗലോസും പ്രതിപാദിക്കുന്നത് പുറമേയുള്ള സൗന്ദര്യത്തേക്കാൾ അധികം അകമേയുള്ള മനുഷ്യൻ സൗന്ദര്യപൂർണ്ണൻ ആയിരിക്കണമെന്ന് വചനം അനുശാസിക്കുന്നു (1 തിമോത്തി 2: 10).

വേദപുസ്തകത്തിൽ രണ്ടുതരം ഉപദേശവും രണ്ട് തൂക്കവും രണ്ടു തുലാസും ഇല്ല. ഇവിടെ മാല ഇടരുത് എന്ന് ഘോരം ഘോരം ആക്രോശിച്ചിട്ട് മറ്റൊരു രാജ്യത്ത് ചെന്ന് ഇടത്തും വലത്തും മോതിരവും മാലയും ഇട്ടവരുടെ നടുവിൽ ഇരിക്കുകയും കർത്താവിൻ്റെ വിശുദ്ധമേശയിൽ സംബന്ധിക്കുകയും ചെയ്യുന്നുവെങ്കിൽ അത് വെറും കപടത. ഇവിടെ ഒരു ഉപദേശം അവിടെ വേറൊരുപദേശം ഈ ഉരുണ്ടുകളി പാപമാണ് ജന വഞ്ചനയാണ്.

ഓർക്കുക ദൈവീകം എന്നുമെന്നും നിലനിൽക്കും മാനുഷികം അഴിഞ്ഞു പോകും.

ഒട്ടിയ വയറും കുഴിഞ്ഞ കണ്ണുകളും ഉള്ളവരുടെ ഇടയിൽ സുവിശേഷം പറയുവാൻ തലങ്ങും വിലങ്ങും വിമാനത്തിൻ്റെ ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്തുകൊണ്ട് ആഭരണ വിരുദ്ധ പ്രസംഗങ്ങൾ നടത്തുന്നതൊക്കെ വെറും പ്രഹസനമത്രേ. ദൈവവചനം യഥാർത്ഥമായി പ്രസംഗിക്കുക ജീവിതങ്ങൾ മാനസാന്തരപ്പെടട്ടെ. അവർ തീരുമാനിക്കട്ടെ എന്ത് ധരിക്കണം എന്ത് കഴിക്കണം എവിടെ പാർക്കണം എന്നൊക്കെയുള്ളത്. എന്തുചെയ്താലും എന്തു പ്രവർത്തിച്ചാലും ദൈവത്തിന് പ്രസാദമുള്ളത് ചെയ്യുക. യോഗ്യമായത് ധരിക്കുക ഉചിതമായത് പിൻപറ്റുക
ഇതത്രേ ഈ കാലഘട്ടത്തിൽ നാം പഠിപ്പിക്കേണ്ടത് .

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

*ആഭരണ വിഷയത്തില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ.വല്‍സന്‍ ഏബ്രഹാമിന്റെ നിലപാട് കിറുകൃത്യം*