ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി ജൂൺ 17-ന് യുഎസും ഇറാനും ധാരണാപത്രത്തിൽ ഒപ്പുവച്ചതിനുശേഷം ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം പുനരാരംഭിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ ലക്ഷ്യമാക്കി 11 കപ്പലുകൾ പുറപ്പെട്ടതായാണ് റിപ്പോർട്ട്.
ക്രൂഡ് ഓയിൽ, ഗ്യാസ്, വളം എന്നിവ കയറ്റിയ കപ്പലുകൾ കടലിടുക്ക് കടന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. കൂടാതെ രണ്ട് ഇന്ത്യൻ കപ്പലുകൾ ഗൾഫ് മേഖലയിലേക്ക് പുറപ്പെടുകയും ചെയ്തിട്ടുണ്ട്.
മേഖലയിലൂടെയുള്ള ഗതാഗതം പുനരാരംഭിച്ചതിൻ്റെ സൂചനയാണെന്ന് ഇന്ത്യൻ വിദേശകാര്യവൃത്തങ്ങൾ അറിയിച്ചു. ഇതിൽ മൂന്ന് ഇന്ത്യൻ പതാക ഘടിപ്പിച്ച എണ്ണക്കപ്പലുകളും ഉൾപ്പെടുന്നു.
ഇതിൽ ഓരോന്നിലും 28,500 മെട്രിക് ടൺ ക്രൂഡ് ഓയിൽ വീതമാണുള്ളത്. കൂടാതെ ഒരു വിദേശ എണ്ണക്കപ്പൽ, ഒരു എൽപിജി കപ്പൽ, വളം കയറ്റിയ ആറ് വിദേശ ബൾക്ക് കാരിയറുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി യുഎസും ഇറാനും തമ്മിൽ
14 ഇനധാരണാ
പത്രത്തിൽ ഒപ്പുവെച്ചതോടെയാണ് ചരക്കുനീക്കം സുഗമമായത്.
അതേസമയം ഹോർമുസ് കടലിടുക്കിൽ അവകാശം ഉണ്ടെന്ന വാദവുമായി ഒമാൻ രംഗത്ത്. ഇറാനും ഒമാനും ഹോർമുസിൽ പരമാധികാര അവകാശങ്ങളുണ്ടെന്നാണ് പ്രധാനമായും ഉയർത്തുന്ന വാദം. ഹോർമുസിലെ ഗതാഗത നിയന്ത്രണങ്ങൾ ഉൾപ്പെടെ ഭാവിയിൽ കൈകാര്യം ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തി. യുഎസ്- ഇറാൻ ധാരണ പാലിച്ചാകും സ്വതന്ത്രതവും സുരക്ഷിതവുമായ നാവിക ഗതാഗതം ഒരുക്കാനാണ് നീക്കം.
ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ടോൾ ഏർപ്പെടുത്താനുള്ള ഇറാൻ്റെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ
പറഞ്ഞു. ഇറാനുമായുള്ള അന്തിമ കരാറിലും ഇത് വ്യക്തമാക്കുമെന്നും റൂബിയോ വ്യക്തമാക്കി. ഹോർമൂസില്‍ ടോള്‍ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഇറാന്‍ ഒമാനുമായി കൂടിയാലോചനകള്‍ ആരംഭിച്ചുവെന്ന റിപ്പോർട്ടുകള്‍ക്കിടെയാണ് പ്രതികരണം.




