താനെ: ഞായറാഴ്ച പുലർച്ചെ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരാൾ മുംബൈയിൽ ജനിച്ചുവളർന്ന മലയാളി യുവതി റെബേക്കാ ജേക്കബ് (24) ആണെന്ന് സ്ഥിരീകരിച്ചു.
അമിതവേഗത്തില്‍ പാഞ്ഞ കാര്‍ മുംബൈയില്‍ അപകടത്തില്‍പ്പെടുന്ന ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. അപകടത്തില്‍പ്പെടുന്ന സമയം 251കിമീ വേഗതയിലാണ് കാര്‍ പാഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ബാന്ദ്രയില്‍ താമസിക്കുന്ന കോട്ടയത്ത് കുടുംബവേരുള്ള റബേക്ക ജേക്കബും സുഹൃത്ത് യോഗേഷ് കിഷനുമാണ് അപകടത്തില്‍ മരിച്ചത്.
ബദ്‌ലാപൂരില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന അങ്കത് ഗുരുതര പരുക്കുകളോടെ താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റബേക്കയുടെ 24ാം പിറന്നാള്‍ ദിനത്തിലായിരുന്നു ദുരന്തം. പിറന്നാള്‍ ആഘോഷിക്കാനുള്ള യാത്രയിലായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. അമിതവേഗത്തിലായിരുന്ന കാർ ഡിവൈഡറിലിടിച്ച ശേഷം റോഡിൽ പലതവണ മറിഞ്ഞെന്ന് പൊലീസ് പറയുന്നു.
മുംബൈ– വഡോദര ഹൈവേയിൽ ടിറ്റ്‌വാല ഭാഗത്തു നിന്നു ബദ്‌ലാപുരിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിനു മിനിറ്റുകൾ മുൻപ് റെക്കോർഡ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മണിക്കൂറിൽ 251 കിലോമീറ്റർ വേഗമാണു ഇതില്‍ കാണിക്കുന്നത്. ബാന്ദ്ര വെസ്റ്റ് പാലി ഹിൽ റോഡ് 21 ആബാർ അപ്പാർട്മെന്റ്സിൽ ബാബു ജേക്കബിന്റെയും ഗേളിയുടെയും മകളാണു റബേക്ക. സഹോദരി: റേച്ചൽ. സംസ്കാരച്ചടങ്ങുകൾ ഇന്നു രാവിലെ 11നു വസതിയിലും തുടർന്നു ദാദർ ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം ശിവ്‌രി ക്രിസ്ത്യൻ സെമിത്തേരിയിലും നടത്തും




