ലഖ്നൗവിലെ കോച്ചിംഗ് സെന്ററില്‍ തീ; 15 പേര്‍ക്ക് ദാരുണാന്ത്യം: മരിച്ചവരില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും

ന്യൂഡല്‍ഹി: ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലെ അലിഗഞ്ചിലെ ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തില്‍ 15 പേർക്ക് ദാരുണാന്ത്യം.കംപ്യൂട്ടർ പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും അടക്കമാണ് ഇരയായത്.

രക്ഷപ്പെടാൻ രണ്ടാം നിലയിലെ ടോയ്‌ലറ്റില്‍ കയറി വാതില്‍ അടച്ചവർ ശ്വാസം മുട്ടി മരിച്ചു. ഒന്നാം നിലയില്‍ നിന്ന് ചാടിയവരില്‍ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു.

9 കുട്ടികളെ രക്ഷപ്പെടുത്തി. അഞ്ചുകുട്ടികള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.

25 ഓളം പേരാണ് ഉള്ളില്‍ കുടുങ്ങിയത്. തീ ആളിപ്പടർന്നതിനാല്‍ പലർക്കും രക്ഷപ്പെടാൻ സാധിച്ചില്ല. ചിലർ ഒന്നാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. വിദ്യാർത്ഥികളില്‍ ചിലർ രക്ഷിതാക്കളെ ഫോണില്‍ വിളിച്ച്‌ രക്ഷപ്പെടുത്താൻ നിലവിളിച്ചു. ഫയർ എക്‌സിറ്റ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

14 ഫയർ യൂണിറ്റുകള്‍ മണിക്കൂറുകള്‍ പ്രയത്നിച്ച്‌ തീയണച്ചശേഷം കെട്ടിടത്തിന്റെ പിൻഭിത്തി പൊളിച്ചാണ് രക്ഷാപ്രവർത്തകർ അകത്തുകടന്നത്. മരിച്ചവരെയും പരിക്കേറ്റവരെയും ലഖ്‌നൗ കെ.ജി.എം.യു ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ ജോയ്‌നീല്‍, ഷാജൻ, മുഹമ്മദ് അബ്ദുള്‍, സന്യം, സാഗർ, നീലേഷ്, ആദിത്യ, അനാമിക, മുഹമ്മദ് അമ്മാർ, സൂരജ് ഷാ, ഭവിഷ്യ, സുഖ്മണി, ജ്യോതി, സോമാലിക, അനന്യ എന്നിവരെ തിരിച്ചറിഞ്ഞു.പെറ്റ് ഷോപ്പിലെ നിരവധി വളർത്തുമൃഗങ്ങള്‍ കത്തിക്കരിഞ്ഞു.

ദുരന്തകാരണം ഷോർട്ട് സർക്യൂട്ട് ആണെന്ന് നിഗമനം. താഴെ വളർത്തു മൃഗങ്ങളുടെ ക്ളിനിക്കും പെറ്റ് ഷോപ്പും മുകളിലെ നിലയില്‍ അനിമേഷൻ, ഗ്രാഫിക്‌സ് കോച്ചിംഗ് സെന്ററും അനിമേഷൻ സ്റ്റുഡിയോയും ലൈബ്രറിയുമാണ്. കെട്ടിടമുടമയുടെ മകൻ അഖിലേഷ് ശുക്ളയാണ് കംപ്യൂട്ടർ സെന്ററിന്റെ നടത്തിപ്പുകാരൻ.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.

*ആഭരണ വിഷയത്തില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ.വല്‍സന്‍ ഏബ്രഹാമിന്റെ നിലപാട് കിറുകൃത്യം*