ക്ഷേത്രത്തിലെ ചടങ്ങിനിടെ മതില്‍ ഇടിഞ്ഞ് മധ്യപ്രദേശില്‍ 9 കുട്ടികള്‍ക്ക് ദാരുണാന്ത്യം

മധ്യപ്രദേശ് : ക്ഷേത്രത്തിലെ ചടങ്ങിനിടെ മതില്‍ ഇടിഞ്ഞ് മധ്യപ്രദേശില്‍ 9 കുട്ടികള്‍ മരിച്ചു. മധ്യപ്രദേശിലെ സാഗർ ജില്ലയില്‍ ഇന്ന് രാവിലെയാണ് ക്ഷേത്രത്തിന്റെ മതില്‍ ഇടിഞ്ഞുവീണ് 9 കുട്ടികള്‍ മരിക്കുകയും നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്‌തത്‌.

ഷാഹ്പൂരിലെ ഹർദൗള്‍ ബാബ ക്ഷേത്രത്തിലെ മതപരമായ ചടങ്ങിനിടെയാണ് ദാരുണമായ സംഭവം. പരുക്കേറ്റ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് രക്ഷാപ്രവർത്തനം നടത്തി.ഭിത്തി തകർന്നതിനെത്തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു .

സംഭവത്തില്‍ അതിയായ വേദനയുണ്ടെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. പരുക്കേറ്റവർ ഉടൻ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ വീതം സർക്കാർ സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.