മട്ടന്നൂർ: കണ്ണൂരിൽനിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് 20 വട്ടം ആകാശത്ത് ചുറ്റി ഇന്ധനം കത്തിച്ചുകളഞ്ഞ് രണ്ടുമണിക്കൂറിനുശേഷം തിരിച്ചിറക്കി. ചൊവ്വാഴ്ച രാവിലെ പുറപ്പെട്ട എയർ ഇന്ത്യ എക്സ്‍പ്രസിന്റെ ഐ.എക്സ്. 778 (ബോയിങ് 737-8 എക്സ്.ജി.) വിമാനമാണ് യാത്രക്കാരെയും ബന്ധുക്കളെയും വിമാനത്താവള ജീവനക്കാരെയും ആശങ്കയുടെ മുൾമുനയിലാക്കിയത്.
6.30-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 7.03-നാണ് യാത്ര തിരിച്ചത്. മംഗളൂരുവിന് സമീപമെത്തിയപ്പോഴാണ് എൻജിന്റെ ഫ്യുവൽ ഫിൽട്ടറിന് തകരാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മംഗളൂരു വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലേക്ക് മടങ്ങിയ വിമാനം ഇന്ധനത്തിന്റെ അളവ് കുറയ്ക്കാനായി 20 തവണ വിമാനത്താവളത്തിന് മീതെ വട്ടമിട്ട് പറന്നു. ഇത് യാത്രക്കാരിലും നാട്ടുകാരിലും ആശങ്ക പടർത്തി. വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്ങിനുള്ള ക്രമീകരണം ഒരുക്കി. 9.54-ന് വിമാനം സുരക്ഷിതമായി നിലംതൊട്ടതോടെയാണ് എല്ലാവരുടെയും ശ്വാസം നേരേവീണത്.
പൈലറ്റും കാബിൻ ക്രൂവുമടക്കം ആറ് ജീവനക്കാരും കുട്ടികളും സ്ത്രീകളുമുൾപ്പെടെ 150 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അവരെ എയർലൈൻ അധികൃതർ ഹോട്ടലിലേക്ക് മാറ്റി. തകരാർ പരിഹരിക്കാനായി സർവീസ് രാത്രി 8.30-ലേക്ക് മാറ്റി. ജിദ്ദയിലേക്ക് മൂന്നുമണിക്കൂറിലധികം സമയം വേണ്ടതിനാൽ 25 ടണ്ണോളം ഇന്ധനം വിമാനത്തിലുണ്ടായിരുന്നു. കൂടിയ അളവിൽ ഇന്ധനവുമായി ലാൻഡ് ചെയ്യുന്നതിൽ അപകടസാധ്യതയുള്ളതിനാൽ ഇത് ഒഴിവാക്കാനാണ് ഒരു മണിക്കൂറോളം വട്ടമിട്ട് പറന്നത്. വിമാനത്തിന്റെ ഓക്സിലറി പവർ യൂണിറ്റിൽ രണ്ടുദിവസം മുൻപ് തകരാർ കണ്ടെത്തുകയും ഇത് പരിഹരിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം.



