മൂവാറ്റുപുഴയില്‍ യുവതിയെ 15 കിലോമീറ്ററോളം മാരകായുധങ്ങളുമായി പിന്തുടര്‍ന്ന് ആക്രമിക്കാൻ ശ്രമം; 5 യുവാക്കള്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: ജോലി കഴിഞ്ഞ് അർദ്ധരാത്രിയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ക്രൂരമായി ആക്രമിക്കാനും ലോറി പിന്തുടർന്ന് വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കള്‍ പോലീസ് പിടിയില്‍.

ഈസ്റ്റ് മാറാടി പള്ളിക്കവല സ്വദേശി തട്ടാർകുന്നേല്‍ അജിത് (19), മീങ്കുന്നം പാറത്താഴത്ത് അദ്വൈത് (20), മാറാടി പഞ്ചായത്തുപടി ചാവാട്ട് ടോമി ഷാജി (19), മാറാടി ഹൈസ്‌കൂളിന് സമീപം ചാരപ്പുറത്ത് പുത്തൻപുരയില്‍ അർജുൻ സനില്‍ (20), മങ്ങമ്പ്ര തെങ്ങനാല്‍ അശ്വിൻ രഘു (20) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അതിവേഗം അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച അർധരാത്രിയോടെ മൂവാറ്റുപുഴ ടൗണിലാണ് സിനിമ സ്റ്റൈല്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ജോലി കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനായി കെ.എസ്.ആർ.ടി.സി ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിലേക്ക് നടന്നുപോവുകയായിരുന്നു യുവതി. ജംഗ്ഷന് സമീപമെത്തിയപ്പോള്‍ ബൈക്കുകളിലെത്തിയ പ്രതികള്‍ യുവതിയെ തടഞ്ഞുനിർത്തുകയും മോശമായ രീതിയില്‍ സംസാരിച്ച്‌ ശല്യം ചെയ്യുകയുമായിരുന്നു. ഭയന്നുപോയ യുവതി ഇവരില്‍ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചതോടെ പ്രതികള്‍ തങ്ങളുടെ ബൈക്കുകള്‍ കൊണ്ട് യുവതിയെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചു.

ഈ സമയം റോഡിലൂടെ വന്ന ഒരു ടിപ്പർ ലോറിക്ക് കൈകാണിച്ച്‌ യുവതി അതില്‍ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പ്രതികള്‍ മാരകായുധങ്ങളുമായി ബൈക്കില്‍ ടിപ്പർ ലോറിയെ പിന്തുടർന്നു. ഏകദേശം 15 കിലോമീറ്ററോളം ദൂരം ലോറിയെ വിടാതെ പിന്തുടർന്ന സംഘം, വഴിയില്‍ വെച്ച്‌ ലോറി തടഞ്ഞ് യുവതിയെ അപായപ്പെടുത്താൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ഭയന്നുവിറച്ച യുവതി യാത്രയ്ക്കിടയില്‍ തന്നെ എമർജൻസി നമ്പറില്‍ മൂവാറ്റുപുഴ പോലീസിനെ വിളിച്ച്‌ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.

യുവതിയുടെ സന്ദേശം ലഭിച്ച ഉടൻ തന്നെ മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനില്‍ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം സ്ഥലത്തേക്ക് തിരിച്ചു. റോഡില്‍ പോലീസ് ജീപ്പിന്റെ സൈറണ്‍ മുഴങ്ങുന്നത് കണ്ടതോടെ ലോറിയെ പിന്തുടർന്ന ഗുണ്ടാസംഘം ബൈക്കുകള്‍ തിരിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് തന്ത്രപരമായി ഇവരെ വളഞ്ഞുപിടിക്കുകയായിരുന്നു.

അറസ്റ്റിലായ പ്രതികള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, മാരകായുധങ്ങളുമായി വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.