പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്
രക്ഷയും സ്നാനവും എന്ന കടമ്പ കടന്നു, ഇനി സ്വർഗ്ഗത്തിൽ പ്രവേശനം ഉറപ്പ് എന്ന് കരുതുന്നുവെങ്കിൽ അബദ്ധം. ഇവിടുത്തെ സർക്കാർ നിയമനം പോലെ ആജീവനാന്തര നിയമനം സ്വർഗ്ഗത്തേക്കില്ല. ആരാണ് വലിയവൻ? ഈ ചോദ്യത്തിനു മുമ്പിൽ യേശു പകച്ചില്ല ഒരു ശിശുവിനെ ചേർത്തണച്ചുകൊണ്ട് ചൊല്ലുന്നു, നിങ്ങൾ തിരിഞ്ഞ് ശിശുവിനെ പോലെ ആകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയില്ല.
ഇത് കേട്ടവരുടെ ഹൃദയം ഇടിച്ചെങ്കിലും ഗുരു സംശയിച്ചില്ല. ഇത് പഴയ ജീവിതത്തിലേക്കും സ്വഭാവത്തിലേക്കും ഉള്ള തിരിഞ്ഞു പോക്കല്ല പ്രത്യുത യേശുവിൻ്റെ നിഷ്കളങ്കതയോടും താഴ്മയോടും വിനയത്തോടും അനുരൂപപെടുന്നതത്രെ. ആത്മിക രാക്ഷസന്മാരെയും ആത്മിക വമ്പൻമാരെയും യേശുവിന് വേണ്ട.
ആ കണ്ണുകൾ പരതുന്നത് കുഞ്ഞാടുകളെ അത്ര. വമ്പ് പറയുന്ന നാവിനെയും വീമ്പ് ഇളക്കുന്ന അധരങ്ങളെയും ദൈവം വെറുക്കുന്നു. തന്നത്താൻ പുകഴ്ത്തുന്നവരെ അല്ല തന്നെത്താൻ താഴ്ത്തുന്നവരെ അത്ര ദൈവം നോക്കിക്കൊണ്ടിരിക്കുന്നത്.
എത്ര ഫോളോവേഴ്സ് ഉണ്ട് എത്ര ലൈക്ക് കിട്ടി , യൂ ട്യൂബ് വ്യൂ എത്രയെണ്ണം കൂടി എന്നുള്ളത് ദൈവത്തിനു വെറും വട്ടപ്പൂജ്യവും എത്ര പേര് പുകഴ്ത്തി എന്നുള്ളത് പഴം തുണി ധരിച്ച് പശു ശാലയിൽ കിടന്നവന് വെറും പൊള്ളയായ ശബ്ദങ്ങളും അത്രേ.
നിറം മങ്ങിയവനാണെങ്കിലും നിലവിളിക്കുന്നവനെയും നിലത്തോളം കുനിയുന്നവനെയും നിലംപരിചയകാതെ ഉയർത്തുന്ന ഒരു കരം സ്വർഗ്ഗത്തിൽ വെളിപ്പെട്ടത് കണ്ടുകൊണ്ട് സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും അവൻ എന്നെ കയറ്റി. വായ് ആകാശത്തോളം ഉയർത്തി വീമ്പ് പറയുന്നവരെ അവൻ കസേരയിൽ നിന്ന് ഇറക്കും എന്നാൽ കല്ല് തലയിണയായി വെച്ച് ഉറങ്ങിയവനെ രഥചക്രങ്ങളിൽ സഞ്ചരിക്കുമാറാക്കും ഇതത്രേ ദൈവത്തിൻ്റെ പദ്ധതി.
ലോകം വിധിയെഴുതിയ ദുഷ്പ്രവർത്തിക്കാരൻ ഇപ്പോൾ ഇരിക്കുന്നത് പറുദീസയിൽ എന്നാൽ തന്നോടൊപ്പം ദിനരാത്രങ്ങൾ ചെലവഴിച്ച് അൽഭുതങ്ങൾക്കും അടയാളങ്ങൾക്കും സാക്ഷ്യം വഹിച്ച യൂദാ കിടക്കുന്നത് പാതാളത്തിലും.
ഇന്നുള്ള പല വിടുതലുകളും വട്ടപ്പൂജ്യവും ആത്മിക മുതലാളിമാരുടെ വെറും വീമ്പടികളും അത്ര. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം. സിനിമയിലെ മാറിമാറി വരുന്ന രംഗങ്ങൾക്ക് തുല്യമാണ് പല പൊട്ടൻ വിടുതലുകളും. ഒരു നിമിഷം മുടന്തൻ അടുത്ത നിമിഷം ചാടുന്നു പിന്നെയും മുടന്തനായി മാറുന്നു. പലരും സ്റ്റേജ് വിട്ടു കഴിയുമ്പോൾ തഥൈവ. അങ്ങനെ ആൾമാറാട്ടത്തിലും അഭിനയത്തിലും പെന്തക്കോസ്ത് വിരുതന്മാർ ഓസ്കർ അവാർഡും മണ്ടൻ ഡോക്ടർ ബിരുദവും നേടുവാൻ യോഗ്യതയുള്ളവരായി മാറുന്നു.
പ്രസിദ്ധൻ ആകുവാൻ യേശു അത്ഭുതങ്ങൾ ചെയ്തില്ല എന്നാൽ യേശുവിൻ്റെ ശുശ്രൂഷയിൽ അത്ഭുതങ്ങൾ നടന്നു അത് പ്രസിദ്ധമായി. വചനത്തിൻ്റെ താളുകളിൽ എങ്ങും നാളെ ഒരു വിടുതൽ ശുശ്രൂഷ നടത്തുവാൻ പോകുന്നു എന്ന് യേശു കൊട്ടി ഘോഷിച്ചില്ല.
ഈ നദി ഒഴുകി ചെല്ലുന്നിടത്തൊക്കെ ചലിക്കുന്ന പ്രാണികൾ ഉണ്ടാകും. ഈ തിരുവചന സത്യത്തെ ആർക്കും മുടിവെക്കുവാൻ കഴിയുന്നതല്ല. ദൈവവചനത്തിൻ്റെ ശക്തിയും അതിൻ്റെ മഹത്വവും ഇന്നയുടെ ദിനങ്ങളിലും വെളിപ്പെടും. എന്നാൽ അതിനെ കേവലം വിൽപ്പനച്ചരക്കാക്കി മാറ്റരുതേ!. വിശുദ്ധിയുടെയും ദൈവ സ്നേഹത്തിൻ്റെയും ആഴങ്ങളിലേക്ക് വിശ്വാസികൾക്ക് ഇറങ്ങുവാൻ കഴിയുന്നില്ലെങ്കിൽ അത്ഭുതങ്ങൾ വട്ടപൂജ്യവും അംഗീകാരങ്ങൾ വെറും ചവറും അത്ര.



