മൈസൂരു(കര്‍ണാടക): കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. മാനേജർക്കും ഡ്രൈവർക്കുമൊപ്പം സ്വന്തം ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടം കാണാനെത്തിയതായിരുന്നു സന്ധ്യ. കാട്ടാന ഇവരുടെ നേരേ പാഞ്ഞടുത്തു. കൂടെയുണ്ടായിരുന്ന രണ്ടുപേരും ഓടിരക്ഷപ്പെട്ടെങ്കിലും സന്ധ്യ ആനയുടെ മുന്നിൽപ്പെട്ടു. ആനയുടെ ചവിട്ടേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ഗോണിക്കുപ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുടക് സ്വദേശിയായ സുനിൽ നാഗാലാൻഡ് കേഡർ 1991-ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും കുടക് എസ്.പി. ബിന്ദു മണി അറിയിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രി ഡി കെ ശിവകുമാർ അനുശോചനം അറിയിച്ചു. ഹൃദയഭേദകമായ സംഭവമാണെന്നും അതിയായ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും നഷ്ടം താങ്ങാനുള്ള ശക്തി ദൈവം നൽകട്ടെയെന്നും മുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു.



