കൊളുക്കുമലയിലെ അഗാധമായ കൊക്കയിലേക്ക് ചാടി യുവാവ് ജീവനൊടുക്കി

ഇടുക്കി: ടൂറിസ്റ് കേന്ദ്രമായ ചിന്നക്കനാൽ കൊളുക്കുമലയിലെ സിംഹപാറയിൽ നിന്നും അഗാധമായ കൊക്കയിലേക്ക് ചാടി യുവാവ് ജീവനൊടുക്കി.

ഇന്ന് രാവിലെ ആറരയോടെ ആണ് സംഭവം.ചെന്നൈ അഭിരാമപുരം സ്വദേശി എൻ. ദ്രാവിനേഷ് (25) ആണ് കൊക്കയിലേക്ക് എടുത്ത് ചാടി ജീവനൊടിക്കിയത്.

ബന്ധുക്കള്‍ക്കൊപ്പം കൊളുക്കുമലയില്‍ സൂര്യോദയം കാണാന്‍ ട്രക്കിങ് ജീപ്പില്‍ എത്തിയതായിരുന്നു ദ്രവിനേഷ്. ഒപ്പമുണ്ടായിരുന്നവര്‍ക്കിടയില്‍ നിന്ന് പെട്ടെന്ന് ഓടിമാറി കൊക്കയിലേക്ക് ചാടുകയായിരുന്നു. തമിഴ്‌നാടിന്റെ ഭാഗമായുള്ള കൊരങ്ങണി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്നത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് വിവരം. സംഭവത്തിൽ ശാന്തപാറ പോലീസും തമിഴ്നാട് പോലീസും അന്വേഷം ആരംഭിച്ചു.

രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായ സ്ഥലത്ത് ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചലില്‍ യുവാവിന്‍റ മൃതദേഹം കണ്ടെത്തുകയായിരുന്നു. 400 അടി താഴ്ചയിലാണ് മൃതശരീരം ഉള്ളത്. അപകടം നടന്ന സിംഹപാറ ഭാഗം അഗാധമായ കൊക്കയായതിനാൽ കേരള പരിധിയിൽ നിന്നും താഴേക്ക് ഇറങ്ങി രക്ഷാപ്രവർത്തനം നടത്തുക അസാധ്യമായിരുന്നു.

അടിയന്തര നടപടികളുമായി വിവരമറിഞ്ഞ് മൂന്നാർ ഫയർഫോഴ്‌സ് സംഘം സംഭവസ്ഥലത്തെത്തി. മലനിരകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്ത് തമിഴ്‌നാട് ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയും അവരുടെ അടിയന്തര സഹായം തേടുകയും ചെയ്തിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരും തദ്ദേശവാസികളും സംയുക്തമായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്നു. മൃതദേഹം പുറത്തെത്തിക്കുക ശ്രമകരമാണ്.