പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്
പ്രസംഗങ്ങൾ നിരവധി. ചിരിപ്പിക്കുന്നതു വേണോ? കരയിപ്പിക്കുന്നത് വേണോ? ചിന്തിപ്പിക്കുന്നത് വേണമോ? അല്ല ഇനിയും കുറ്റം മാത്രം പറയുന്ന പ്രസംഗം കേൾക്കണമോ? ഒന്ന് ഞെക്കിയാൽ മാത്രം മതി എല്ലാം വിരൽത്തുമ്പിൽ.
ഇങ്ങനെ നീളുന്ന പ്രസംഗങ്ങൾ അലയടിക്കുമ്പോൾ പെന്തക്കോസ്തിൽ പ്രവർത്തി
പക്ഷവാതരോഗിയുടെ ശരീരം പോലെ തളർന്ന് കിടക്കുകയാണ്. കയ്യടി കിട്ടുവാനും കസേര കിട്ടുവാനും പ്രസംഗിക്കുന്നു. പുകഴ്ത്തുന്നു, പൂജിക്കുന്നു. ഇതാണോ യഥാർത്ഥ ദൈവവചന ശുശ്രൂഷകൾ? പ്രസംഗത്തിൽ കയ്യടി കിട്ടി എന്നു വരാം എന്നാൽ ദൈവത്തിൻ്റെ കരം ചലിക്കണം എങ്കിൽ നമ്മുടെ പ്രവർത്തികൾ ദൈവവചനത്തോട് നീതിയുള്ളതായിരിക്കണം.
മധുരമായി പാടുന്നു. ആടുന്നു . ഇളക്കുന്നു. ഓടുന്നു. കുയിൽ പോലുള്ള ശബ്ദം. മനസ്സുമയക്കുന്ന പ്രസംഗങ്ങൾ, വെടിയുണ്ട കണക്കെ തലങ്ങും വിലങ്ങും പായുന്നു. സ്റ്റേജ് വിട്ടു കഴിയുമ്പോള് പ്രവർത്തിയും പ്രസംഗവും തമ്മിൽ ഒരു പുലബന്ധവുമില്ല.
പല പ്രവർത്തകളും ഏശാവിൻ്റെ ബലിഷ്ടമായ രോമമുള്ള കൈകളുടെ പ്രവർത്തിയെന്ന് സാധാരണക്കാരായ ദൈവജനത്തിന് തിരിച്ചറിയുവാൻ കഴിയും. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ആൾമാറാട്ട ശാസ്ത്രത്തിൽ പെന്തക്കോസ്ത് വിരുതന്മാർ ബിരുദം എടുത്തുവോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഏലി പുരോഹിതൻ പറയുന്നു , മക്കളെ നിങ്ങളെ കുറിച്ചുള്ള കേട്ടു കേൾവി നല്ലതല്ല. ജനത്തിൻ്റെ ഇടയിൽ സാക്ഷ്യം നഷ്ടപ്പെട്ടു. സമർപ്പണം ഓടി മാറി. ഇപ്പോൾ നമുക്ക് അനുതാപമുള്ള ഹൃദയം ഉണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു? എപ്പോഴും ആശംസകളും അംഗീകാരവും മുതലക്കണ്ണീരും കൈമുതലാക്കി വെച്ചു കൊണ്ട് ഓടുന്നുവെങ്കിൽ പരാജയം വാതുക്കൽ നിന്ന് മുട്ടുകയാണ്.
പരിശുദ്ധാത്മാവ് ദൈവസഭയ്ക്ക് കൈമാറുന്ന ദൂത് ഞാൻ നിങ്ങളുടെ പ്രവർത്തി അറിയുന്നു. പ്രസംഗം അറിയുന്നവർ ഇവിടെ നിരവധിപേർ ഉണ്ടായിരിക്കും. എന്നാൽ സ്വർഗം അറിയുന്നതും വിലയിരുത്തുന്നതും നമ്മുടെ പ്രവർത്തികൾ അത്രേ. ഇടിഞ്ഞു കിടക്കുന്നതിനെ പണിയുന്നതാണോ അതോ പണുതതിനെ പൊളിക്കുന്നതാണോ നമ്മുടെ പ്രവർത്തികൾ? അങ്ങനെയെങ്കിൽ നമ്മൾ ഏശാവിൻ്റെ കൂട്ടു സഹോദരൻമാരത്രേ. തിരുവചനം ആധികാരികമായി പറയുന്നു, പ്രസംഗത്തിനു പ്രതിഫലം സ്വർഗ്ഗം കൊടുക്കുന്നില്ല. എന്നാൽ പ്രവർത്തികൾക്ക് പ്രതിഫലം കൊടുക്കുന്ന നാൾ അധികം വിദൂരമല്ല. സ്വർഗ്ഗത്തിൽ പ്രസംഗത്തിന് മാർക്കിടുവാനും അതിനെത്ര പോയിൻ്റ് ഉണ്ടെന്ന് നോക്കുവാനും ദൂതന്മാർ ഇല്ല. എന്നാൽ നമ്മുടെ പ്രവർത്തികൾ സ്വർഗ്ഗത്തിൽ റെക്കോർഡ് ചെയ്യപ്പെടുന്നു. അത് ശവകുഴിക്കപ്പുറവും നമ്മെ പിന്തുടരും. ഓരോരുത്തനും അവനവൻ്റെ പ്രവർത്തികൾക്ക് തക്കപ്രതിഫലം സ്വർഗ്ഗം കൊടുത്ത് ആദരിക്കും.
ഏശാവിൻ്റെ കൈകൾ കൊണ്ടുള്ള പ്രവർത്തികൾ തച്ചുടയ്ക്കുന്നതും തട്ടിത്തെറിപ്പിക്കുന്നതും ദൈവസഭയിൽ ഭിന്നത സൃഷ്ടിക്കുന്നതും ആണ്. ബലിഷ്ഠമായ ഏശാവിൻ്റെ കൈകൾ കൊണ്ട് അർഹിക്കാത്തത് പലതും തട്ടിയെടുക്കുമ്പോൾ ഓർക്കണം ദൈവത്തിൻ്റെ കോടതിയിൽ നാം പിടിക്കപ്പെടുമെന്നുള്ളത്. പ്രവർത്തികൾ എത്ര വിലയേറിയവ എന്ന് ചൂണ്ടിക്കാണിക്കുന്ന ഒരു പ്രവർത്തികളുടെ പുസ്തകം തന്നെ പരിശുദ്ധാത്മാവ് തിരുവചനത്തിലൂടെ ദൈവസഭയ്ക്ക് നൽകിയിട്ടുണ്ട്. കേവലം പ്രസംഗ പുസ്തകം മാത്രമല്ല വിശുദ്ധ ബൈബിൾ ഇത് പ്രവർത്തിയുടെ പുസ്തകമാണ്. കർത്താവേ കർത്താവേ എന്ന് വിളിക്കുകയും കർത്താവ് പറയുന്നത് ചെയ്യാതിരിക്കുകയും ചെയ്യുന്നത് അയ്യോ കഷ്ടം!



