–സാബു തൊട്ടിപ്പറമ്പില്‍
നീണ്ട ഇരുപത് വര്‍ഷങ്ങള്‍. മരണക്കയത്തില്‍ നിന്നും പുതു ജീവിതത്തിലേക്ക് അബ്ദുള്‍ റഹിം .
പിറന്ന മണ്ണില്‍ റഹിം കാലുകുത്തുമ്പോള്‍ അത് മലയാളികളുടെ ഒത്തൊരുമയുടെ വീരഗാഥ കൂടിയാകുന്നു.
വധശിക്ഷ വിധിക്കപ്പെട്ട് റീയാദ് ജയിലിലടയ്ക്കപ്പെട്ട റഹിമിന്റ മോചധത്തിനാവശ്യമായി വേണ്ടി വന്നത് 35.35 കോടി രൂപയാണ് .മോചന ദ്രവ്യമായി ആവശ്യപ്പെട്ട ഭീമമായ തുക അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്ന.എന്നാല്‍ ഇവിടെയാണ് മലയാളി മനസ്സ് ഒത്ത് ചേര്‍ന്നത്.
പണക്കാരനെന്നും പാമരനെന്നും വിത്യാസമില്ലാതെ ഈ വിഷയത്തില്‍ കൈകോര്‍ത്തു. ജാതിമത വിത്യാസമില്ലാതെ റഹിമിന്റ മോചനത്തിനുവേണ്ടി രംഗത്തെത്തി…. പ്രാര്‍ത്ഥിച്ചു.അത് യാഥാര്ത്ഥിമാകുകയും മോചിതനായ റഹിം ഇന്ന് നാട്ടിലെത്തുകയും ചെയ്തു.
വിമാനത്താവളത്തില്‍ നിന്നും നിറകണ്ണുകളോടെയാണ് റഹിം പുറത്തേയ്ക്ക് ഇറങ്ങിയത്. സ്വന്തം മണ്ണിലേക്ക് ഇനി ഒരിക്കലും എത്തില്ലെന്ന് കരുതിയിടത്ത് നിന്നും പെരുന്നാള്‍ ദിനത്തില്‍ സ്വന്തം ജനതയുടെ മുന്നില്‍..പിറന്ന മണ്ണില്‍ മരണത്തേ തോല്‍പ്പിച്ച് എത്തിയപ്പോള്‍ കണ്ടു നിന്നവരുടേയും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു…ഇതാണ് മലയാളിയും,യഥാര്‍ത്ഥ കേരള സ്റ്റോറിയും!
”എല്ലാ വര്‍ക്കും നന്ദി,പ്രാര്‍ത്ഥിച്ചവര്‍ക്കും സഹായിച്ചവര്‍ക്കും” ആദ്യമായി റഹിമിന്റ വാക്കുകള്‍ ഇത്രമാത്രമായിരുന്നു.
ഏറെ പ്രതീക്ഷയുടെ ജീവനോപാധി തേടി വിമാനം കയറിയ അബ്ദുള്‍ റഹിമിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത വ്യഥയും.. ഇരുളടഞ്ഞ കല്‍ത്തുറങ്കല്‍ ആയിരുന്നു.
2006 നവംബർമാസം 28-ന് ആയിരുന്നു അബ്ദുൾ റഹീം സൗദിയിൽ എത്തിയത്. സ്വദേശിയുടെ സുഖമില്ലാത്ത മകനെ പരിപാലിക്കൽ ആയിരുന്നു ജോലി. 2006 ഡിസം 24-ന് സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് ജയിലിലായത്.
കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിങിനായി പുറത്തുപോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു.
ഇത് അനുസരിക്കാതിരുന്ന അബ്ദുല്‍ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മനഃപൂർവമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും വധശിക്ഷ വിധിക്കപ്പെടുകയായിരുന്നു.
അന്ന് റഹീമിന്റെ പ്രായം 26 വയസ്സ് ആയിരുന്നു. ക്രൂരമായ കൊലപാതകമെന്നും തെളിവ് നശിപ്പിച്ചെന്നും പ്രോസിക്യൂഷൻ വാദിച്ചപ്പോൾ കുടുംബത്തോട് വ്യക്തിവൈരാഗ്യമില്ലെന്നും അബദ്ധത്തിൽ സംഭവിച്ചതെന്നും റഹീം പറഞ്ഞു.
നടപടികള്‍ പൂര്‍ത്തിയാക്കി ജയില്‍ അധികൃതര്‍ തന്നെ നേരിട്ട് വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. എമിഗ്രേഷന്‍ ഉള്‍പ്പടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതും ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ്.
ഇന്ന് കൃത്യം 7.33 ന് റഹിമിനേയും വഹിച്ചുള്ള വിമാനം കരീപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ മലയാളികളായ ഓരോരുത്തരുടെയും അഭിമാന നിമിഷങ്ങളായി അത് മാറി…ഒരു കുടുഃബത്തിന്റ പൂത്തനുണര്വിന്റ പുലര് വേളകളും.



