റായ്പൂർ: പെൻഷൻ ലഭിക്കുന്നതിനായി 90 വയസുള്ള അമ്മായിയമ്മയെ തോളിലേറ്റി കിലോമീറ്ററോളം നടന്ന് യുവതി. ഛത്തീസ്ഗഢിലെ സർഗുജ ജില്ലയിലാണ് സംഭവം.
കെവൈസി നടപടികള്‍ പൂർത്തിയാക്കുന്നതിന് വേണ്ടി അമ്മായിയമ്മയെ തോളിലേറ്റി നാല് കിലോമീറ്ററോളമാണ് യുവതി സഞ്ചരിച്ചത്. ദളിത് യുവതിയായ സുഖ്മണിയാണ് തന്റെ 90 വയസ്സുള്ള അമ്മായിയമ്മയെ പുറത്ത് ചുമന്ന് കിലോമീറ്റർ നടന്ന് ബാങ്കിലെത്തിയത്.
കഴിഞ്ഞ നാല് മാസമായി കെവൈസി (KYC) നടപടികള്‍ പൂർത്തിയാകാത്തതിനാല്‍ വയോധികയുടെ പെൻഷൻ വിതരണം ബാങ്ക് നിർത്തിവെച്ചിരുന്നു. ജനുവരിക്ക് ശേഷം പെൻഷൻ മുടങ്ങിയതായി സുഖ്മണിയ പറയുന്നു.
മറ്റൊരു മാർഗവും ഇല്ലാതായതോടെ, പ്രായാധിക്യവും അസ്വസ്ഥതയും കാരണം നടക്കാനാവാത്ത അമ്മായിയമ്മയെ തോളിലേറ്റി സുഖ്മണിയ ബാങ്കിലേക്ക് നടക്കുകയായിരുന്നു. കനത്ത ചൂടില്‍ ക്ഷീണിച്ചും കരഞ്ഞും നടന്ന അവരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
മേയ് 22-നാണ് സംഭവം നടന്നത്. ബാങ്കിലെത്തിയതോടെ കെവൈസി നടപടികള്‍ പൂർത്തിയാക്കി നാല് മാസത്തെ കുടിശ്ശികയായ 2000 രൂപ പെൻഷൻ അനുവദിച്ചതായി അധികൃതർ അറിയിച്ചു. വീഡിയോ വൈറലയാതോടെ സംഭവം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. വോട്ട് തേടി ജനങ്ങളുടെ വീടുകളിലെത്തുന്ന നേതാക്കള്‍ വയോധികർക്ക് പെൻഷൻ വീട്ടിലെത്തുന്നുണ്ടോ എന്നും ഉറപ്പാക്കണമെന്ന് മുൻ ഉപമുഖ്യമന്ത്രി ടി.എസ്. സിംഗ് ദേവ് പ്രതികരിച്ചു.



