ടെഹ്റാൻ : മിഡില്‍ ഈസ്റ്റില്‍ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുന്നു.
ഇന്ന് രാവിലെയാണ് യുഎസ് ഇറാനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ഈ ആക്രമണങ്ങളെ പ്രതിരോധ നടപടിയായിട്ടാണ് അമേരിക്ക വിശേഷിപ്പിച്ചത്. തല്‍ഫലമായി മേഖലയിലെ സംഘർഷങ്ങള്‍ വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയുണ്ട്.
അന്താരാഷ്ട്ര വാർത്ത ഏജൻസിയായ എപി റിപ്പോർട്ട് അനുസരിച്ച്, സ്വയം പ്രതിരോധത്തിനായാണ് ഇറാനില്‍ ആക്രമണം നടത്തിയതെന്ന് യുഎസ് സൈന്യം പ്രസ്താവിച്ചു. മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളിലും മൈൻ സ്ഥാപിക്കുന്ന ബോട്ടുകളിലുമാണ് അമേരിക്ക പ്രധാനമായും ആക്രമണങ്ങള്‍ നടത്തിയത്. തെക്കൻ ഇറാനിലാണ് ഈ ആക്രമണങ്ങള്‍ നടന്നതെന്ന് റിപ്പോർട്ടുണ്ട്.
ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് യുഎസ് ആക്രമണം നടത്തി രണ്ട് ഇറാനിയൻ ബോട്ടുകള്‍ നശിപ്പിച്ചു. ആക്രമണത്തില്‍ ഐആർജിസി നേവി വിംഗ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച തെക്കൻ ഇറാനിലെ മൈൻ സ്ഥാപിക്കുന്ന ബോട്ടുകളും മിസൈല്‍ വിക്ഷേപണ സംവിധാനങ്ങളും സൂക്ഷിച്ചിരുന്ന ലക്ഷ്യങ്ങളില്‍ യുഎസ് സൈന്യം ആക്രമണം നടത്തി. എന്നിരുന്നാലും ഈ ആക്രമണങ്ങള്‍ സമാധാന ചർച്ചകളെ ബാധിക്കാൻ സാധ്യതയില്ലെന്ന് അറേബ്യൻ, യുഎസ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ഇറാനുമായുള്ള കരാറിന്റെ അവസാന ഘട്ടത്തിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുകയും ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച് ഒരു കരാറിലെത്തിയതായി ട്രംപ് സോഷ്യല്‍ മീഡിയയില്‍ സൂചന നല്‍കുകയും ചെയ്തിരുന്നു.



