വിമാനവും പാരാഗ്ലൈഡറും കൂട്ടിയിടിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

വിയന്ന: തീരദേശ വിനോദസഞ്ചാര കേന്ദ്രമായ ഓസ്ട്രിയൻ ആല്‍പ്സ് പർവതനിരകള്‍ക്ക് മുകളില്‍ വച്ച്‌ പാരാഗ്ലൈഡർ ചെറുവിമാനവുമായി കൂട്ടിയിടിച്ചു.

സാബ്രീന എന്ന പാരാഗ്രൈഡർ ആണ് വിമാനവുമായി കൂട്ടിയിടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിച്ച സാബ്രീന, അടിയന്തര പാരച്യൂട്ട് ഉപയോഗിച്ച്‌ അത്ഭുതകരമായി രക്ഷപ്പെട്ടു.

വിമാനത്തിന്റെ പ്രൊപ്പല്ലർ തട്ടി പാരാഗ്ലൈഡറിന്റെ വിംഗ്സ് രണ്ടായി കീറിപ്പോയി. വിമാനം ഇടിച്ചതിന്റെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട സാബ്രീന നിലവിളിച്ചുകൊണ്ട് വായുവില്‍ കറങ്ങി താഴേക്ക് പതിക്കാൻ തുടങ്ങി. പ്രധാന പാരച്യൂട്ട് തകർന്നതിനെ തുടർന്ന്, തന്റെ പക്കലുള്ള റിസർവ് പാരച്യൂട്ട് തുറക്കുകയായിരുന്നു.

സംഭവമറിഞ്ഞ് ഓസ്ട്രിയൻ പോലീസ് ഹെലികോപ്റ്ററില്‍ സ്ഥലത്തെത്തി സാബ്രീനയെ രക്ഷപ്പെടുത്തി, അടിയന്തര വൈദ്യപരിശോധനക്കായി പ്രാദേശിക വിമാനത്താവളത്തില്‍ എത്തിച്ചു. പെട്ടെന്നുണ്ടായ സംഭവമായതിനാല്‍ കൂട്ടിയിടി ഒഴിവാക്കാൻ കഴിഞ്ഞില്ലെന്ന് വിമാനത്തിന്റെ പൈലറ്റ് പോലീസിനോട് പറഞ്ഞു. പൈലറ്റും സാബ്രീനയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു.