സ്പേസ് എക്സിന് തിരിച്ചടി; ലാൻഡിംഗിനിടെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു

വാഷിംഗ്ടണ്‍ ഡിസി: സ്റ്റാർഷിപ്പ് പരീക്ഷണ പറക്കലില്‍ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിന് വൻ തിരിച്ചടി. പുതിയ സ്റ്റാർഷിപ്പ് റോക്കറ്റ് പരീക്ഷണ പറക്കലിന് ശേഷം ഇന്ത്യൻ മഹാസമുദ്രത്തില്‍ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ശനിയാഴ്ച നടന്ന പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ് തിരിച്ചടി നേരിട്ടത്. സ്പേസ് എക്സിന്റെ ഏറ്റവും വലിയതും ശക്തിയേറിയതുമായ റോക്കറ്റായിരുന്നു ഇത്.

സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ആറാമത്തെ പരീക്ഷണ പറക്കലായിരുന്നു ഇത്. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി അന്തരീക്ഷത്തിലൂടെ തിരികെ ഇറങ്ങുന്ന ഘട്ടം വരെ എല്ലാം ആസൂത്രണം ചെയ്തതുപോലെയാണ് നടന്നത്. എന്നാല്‍ ഇന്ത്യൻ മഹാസമുദ്രത്തിലെ നിശ്ചിത സ്ഥാനത്ത് പതുക്കെ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ റോക്കറ്റിന് പെട്ടെന്ന് തീപിടിക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ വൻ സ്ഫോടനത്തോടെ തകരുകയുമായിരുന്നു.

റോക്കറ്റില്‍ നിന്നും തത്സമയം സംപ്രേഷണം ചെയ്ത ദൃശ്യങ്ങളില്‍ വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങള്‍ കത്തിയമരുന്നത് വ്യക്തമായി കാണാം. ഈ സ്ഫോടനം ഒരു പരാജയമായല്ല മറിച്ച്‌ പരീക്ഷണത്തിന്റെ ഭാഗമായാണ് സ്പേസ് എക്സ് കണക്കാക്കുന്നത്. റോക്കറ്റിന്റെ ലാൻഡിംഗ് കപ്പാസിറ്റിയും താപ പ്രതിരോധ കവചങ്ങളും എത്രത്തോളം ശക്തമാണെന്ന് പരിശോധിക്കുകയായിരുന്നു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. മനുഷ്യനെ ചൊവ്വയിലേക്കും ചന്ദ്രനിലേക്കും എത്തിക്കാൻ ലക്ഷ്യമിട്ട് നിർമിക്കുന്ന ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് സ്റ്റാർഷിപ്പ്.