ന്യൂഡല്ഹി: സോഷ്യല്മീഡിയയില് വന് തരംഗം സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരുന്ന രാഷ്ട്രീയ പരിഹാസക്കൂട്ടായ്മയായ കോക്രോച്ച് ജനതാ പാര്ട്ടി(സി.ജെ.പി)യുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചു. ഇന്സ്റ്റാഗ്രാമില് ബി.ജെ.പിയേക്കാള് കൂടുതല് ഫോളോവേഴ്സിനെ സ്വന്തമാക്കി മണിക്കൂറുകള്ക്കകമാണ് ഇന്ത്യയില് ഇവരുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചത്.

ഇന്ത്യയില് അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന്റെ സ്ക്രീന്ഷോട്ട് പങ്കുവെച്ചുകൊണ്ട്, ‘പ്രതീക്ഷിച്ചത് പോലെ തന്നെ കോക്രോച്ച് ജനതപാര്ട്ടിയുടെ അക്കൗണ്ട് ഇന്ത്യയില് തടഞ്ഞുവെച്ചിരിക്കുന്നു’ എന്ന് ഡിജിറ്റല് പാര്ട്ടിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെ അറിയിച്ചു.
വെറും 78 മണിക്കൂറിനുള്ളില് 3 ദശലക്ഷം ഫോളോവേഴ്സിനെയാണ് ഈ ആക്ഷേപഹാസ്യ കൂട്ടായ്മ സ്വന്തമാക്കിയത്. മെയ് 20ഓടെ പാര്ട്ടിയുടെ ഔദ്യോഗിക ഇന്സ്റ്റാഗ്രാമില് പേജില് ഫോളോവേഴ്സിന്റെ എണ്ണം 9 ദശലക്ഷം (90 ലക്ഷം) പിന്നിട്ടിരിന്നു. ഇതോടെ സമൂഹമാധ്യമത്തില് ഏറ്റവും വേഗത്തില് വളരുന്ന ഇന്റര്നെറ്റ് പ്രതിഭാസമായി സിജെപി മാറി.
ബിജെപിയുടെ ഔദ്യോഗിക ഇന്സ്റ്റാഗ്രാം പേജായ @bjp4indiaയ്ക്ക് നിലവില് 8.7 ദശലക്ഷം ഫോളോവേഴ്സ് മാത്രമാണുള്ളത്. ഇതാണ് വെറും നാല് ദിവസം പ്രായമുള്ള ഒരു ട്രോള് പേജ് മറികടന്നിരിക്കുന്നത്. നിലവില് കോണ്ഗ്രസ് പാര്ട്ടിയുടെ ഹാന്ഡിലിന് (@incindia) 13.2 ദശലക്ഷവും, ആം ആദ്മി പാര്ട്ടിക്ക് (@aamaadmipatry) 1.9 ദശലക്ഷവും ഫോളോവേഴ്സാണുള്ളത്. 18,000ത്തിലധികം പോസ്റ്റുകള് പങ്കുവെച്ച ബിജെപിയെയാണ് വെറും 54 പോസ്റ്റുകള് മാത്രം മാത്രമുള്ള സിജെപി പിന്നിലാക്കിയത്.
കോടതി വിചാരണയ്ക്കിടെ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ചില പരാമര്ശങ്ങളോടുള്ള യുവാക്കളുടെ പ്രതികരണമായാണ് മെയ് 16ന് ഈ ആക്ഷേപഹാസ്യ പ്രസ്ഥാനം ആരംഭിക്കുന്നത്. ഇന്ത്യയിലെ യുവാക്കളെല്ലാവരും മടിയന്മാരും എപ്പോഴും ഓണ്ലൈനില് വെറുതെ സമയം പാഴാക്കുന്നവരുമാണ്. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ച ചീഫ് ജസ്റ്റിസിന്റെ പരാമര്ശത്തിനെയാണ് കോക്രോച്ച് ജനതാ പാര്ട്ടി ഉടലെടുത്തത്. മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിയായ 30കാരന് അഭിജീത് ദിപ്കെയാണ് ഈ ‘പാറ്റ പാര്ട്ടി’യുടെ സ്ഥാപകന്.




