ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. പത്തുലക്ഷം രൂപ ചെലവഴിച്ച് മുൻകൂട്ടി ചോദ്യപേപ്പർ കൈപ്പറ്റിയ വിദ്യാർഥിക്ക് ലഭിച്ചത് 720ല്‍ വെറും 107 മാർക്ക് മാത്രമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
രാജസ്ഥാനിലെ ബിജെപി യുവമോർച്ച പ്രാദേശിക നേതാവ് ദിനേശ് ബിവാലിന്റെ മകൻ ഋഷി ബിവാലിനാണ് ചോദ്യപേപ്പർ നേരത്തേ ലഭിച്ചിട്ടും വളരെ കുറഞ്ഞ മാർക്ക് നേടാനായത്.
ചോദ്യപേപ്പർ ചോർച്ച കേസില്‍ ദിനേശ് ബിവാലിനെയും സഹോദരൻ മാംഗിലാല്‍ ബിവാലിനെയും സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാംഗിലാലിന്റെ മകൻ വികാസും കേസില്‍ പിടിയിലായി. ദിനേശ് ബിവാലിന്റെ മകൻ ഋഷി ബിവാലിനെതിരെയും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇയാള്‍ നിലവില്‍ ഒളിവിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മകൻക്ക് പരീക്ഷയില്‍ മികച്ച വിജയം നേടിക്കൊടുക്കാനായി സിക്കാറില്‍ നിന്ന് പത്തുലക്ഷം രൂപ നല്‍കി ചോദ്യപേപ്പർ വാങ്ങിയതായാണ് ദിനേശ് ബിവാല്‍ മൊഴി നല്‍കിയിരിക്കുന്നത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഋഷിക്ക് ലഭിച്ച മാർക്ക് 107 മാത്രമാണെന്ന് വ്യക്തമായത്.
തുടർ അന്വേഷണത്തില്‍ ഋഷി ബിവാലിന്റെ അക്കാദമിക് പ്രകടനവും ദുർബലമായിരുന്നെന്ന് കണ്ടെത്തി. പത്താം ക്ലാസില്‍ 44 ശതമാനം മാർക്കോടെയാണ് വിജയിച്ചത്. പന്ത്രണ്ടാം ക്ലാസില്‍ സെക്കൻഡ് ക്ലാസായിരുന്നു ലഭിച്ചത്. ഗ്രേസ് മാർക്കിന്റെ സഹായത്തോടെയാണ് ഹയർസെക്കൻഡറി പരീക്ഷ പാസായതെന്നും അന്വേഷണസംഘം വ്യക്തമാക്കി.



