ഒരു ദോശക്ക് പത്തുരൂപയല്ലേ, അയാള്‍ കടയില്‍ കയറിയപ്പോഴേ ചോദിച്ചത് അതായിരുന്നു.
ഹോട്ടലുടമ അതേയെന്ന് മറുപടി പറഞ്ഞു. എങ്കില്‍ രണ്ട് ദോശ തരൂ എന്നായി അയാള്‍. ഒരു ചായ കൂടി എടുക്കട്ടേയെന്ന് ഹോട്ടലുടമ ചോദിച്ചപ്പോള്‍ ഏയ്, അത് ശരിയാവില്ല.. എന്നായിരുന്നു അയാളുടെ മറുപടി.
അല്പം കഴിഞ്ഞപ്പോള്‍ മൂന്ന് ദോശയും ചായയുമായി വന്ന് ഉടമ പറഞ്ഞു: എല്ലാം ശരിയാകും., ഇത് കഴിക്കൂ… ഒരു പുഞ്ചിരിയോടെ ഉടമ തിരികെ പോയി.
അപരന്റെ ആത്മാഭിമാനത്തിന്റെ അതിര്‍വരമ്പുകള്‍ തിരിച്ചറിയാനും അവയ്ക്ക് വിളളലേല്ക്കാതിരിക്കാനും ശ്രമിക്കുന്നവര്‍ക്ക് അവകാശപ്പെട്ടതാണ് മനസ്സാക്ഷിയുടേയും മനുഷ്യപ്പറ്റിന്റെയും സുവര്‍ണ്ണ കിരീടങ്ങള്‍.
സത്യത്തില്‍, ദുരിതങ്ങളേക്കാള്‍ ദുരവസ്ഥയാണ് അത് മറ്റുളളവരുടെ മുന്നില്‍ വെളിപ്പെടുക എന്നത്. അന്യന്റെ കഷ്ടതകള്‍ക്ക് വിലപറയാത്ത ഒരാള്‍ മതി അയാളുടെ ജീവിതം തിരിച്ചുപിടിക്കാന്‍.
ഇടപഴകുന്നവരെല്ലാം പരസ്പരം സഹാനുഭൂതിയും സന്തോഷവും കൈമാറിയാല്‍, പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞതായി മാറും ഓരോ ജീവിതവും.
കണ്ടറിഞ്ഞു ചെയ്യുന്നവരാണ്, കൈനീട്ടുമ്പോള്‍ ചെയ്യുന്നവരേക്കാള്‍ മഹത്വവും മാന്യതയുമുളളവര്.
അതെ, നമുക്ക് അപരന്റെ മാന്യതയ്ക്കും വില നല്കാന് ശീലിക്കാം
– ശുഭദിനം.



