ഭരണാധികാരി കിം ജോങ് ഉൻ വധിക്കപ്പെടുകയോ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെടുകയോ ചെയ്താല്‍, ശത്രുരാജ്യങ്ങള്‍ക്കെതിരെ ഉത്തരകൊറിയൻ സൈന്യം തനിയെ ആണവാക്രമണം നടത്തും.
ഉത്തരകൊറിയൻ ഭരണഘടനയില്‍ വരുത്തിയ പുതിയ ഭേദഗതിയിലാണ് ഈ ഞെട്ടിക്കുന്ന വ്യവസ്ഥയുള്ളത്. ഇതോടെ രാജ്യത്തിന്റെ ആണവായുധ ശേഖരം ഒരു ‘ഡെഡ് മാൻ സ്വിച്ച്’ സംവിധാനത്തിന് കീഴിലായി മാറിയിരിക്കുകയാണ്. കിം ജോങ് ഉന്നിന്റെ അഭാവത്തിലും രാജ്യത്തിന്റെ ആണവ പ്രത്യാക്രമണ സംവിധാനം തടസ്സമില്ലാതെ പ്രവർത്തിക്കും.
ആണവ നയത്തിലെ മൂന്നാം അനുച്ഛേദത്തിലാണ് മാറ്റം വരുത്തിയത്. ശത്രുക്കള്‍ രാജ്യത്തിന്റെ ആണവ നിയന്ത്രണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാല്‍, പ്രത്യേക നിർദ്ദേശത്തിന് കാത്തുനില്‍ക്കാതെ ‘ഉടനടി’ ആണവാക്രമണം തുടങ്ങാൻ സൈന്യത്തിന് അധികാരം നല്കുന്നു. ഭരണാധികാരിയെ വകവരുത്തിയാല്‍ യുദ്ധം ജയിക്കാമെന്ന ശത്രുക്കളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നില്‍.
ഇക്കഴിഞ്ഞ മാർച്ചില്‍ നടന്ന സുപ്രീം പീപ്പിള്‍സ് അസംബ്ലി സമ്മേളനത്തിലാണ് ഈ ചരിത്രപരമായ തീരുമാനമുണ്ടായത്. ഇറാൻ പരമോന്നത നേതാവ് അലി ഖാംനഇയും സഹപ്രവർത്തകരും ഇസ്രായേല്‍-അമേരിക്കൻ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട വാർത്ത കിം ജോങ് ഉന്നിനെ വല്ലാതെ അസ്വസ്ഥനാക്കിയെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. സമാനമായ രീതിയില്‍ തന്നെയും ലക്ഷ്യം വെച്ചേക്കാം എന്ന ഭയമാണ് നിയമപരമായ ഈ മുൻകരുതലിലേക്ക് കിമ്മിനെ നയിച്ചത്.
റഷ്യയുടെ പഴയ ‘പെരിമീറ്റർ’ (Dead Hand) സംവിധാനത്തിന് സമാനമാണിത്. ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്നെ നിരീക്ഷിക്കാനും വകവരുത്താനും സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസിയായ എൻഐഎസ് റിപ്പോർട്ട് ചെയ്യുന്നു. കിം ജോങ് ഉൻ ഇല്ലാതായാലും ഉത്തരകൊറിയയുടെ ആണവ പ്രതികാരം തടയാനാകില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ ലോകത്തിന് നല്‍കുന്നത്.
“ദക്ഷിണ കൊറിയയാണ് രാജ്യത്തിന്റെ മുഖ്യ ശത്രുവെന്ന് പ്രഖ്യാപിച്ച കിം, അവരുമായുള്ള സമാധാന ശ്രമങ്ങള്‍ നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആണവാധികാരം സൈന്യത്തിന് നേരിട്ട് കൈമാറുന്ന രീതിയില്‍ നിയമം പരിഷ്കരിച്ചത്.”
ഈ പുതിയ നിയമനിർമ്മാണം കൊറിയൻ ഉപദ്വീപില്‍ വലിയ രീതിയിലുള്ള ആശങ്കകള്‍ക്കും ചർച്ചകള്‍ക്കും വഴിതെളിച്ചിട്ടുണ്ട്.



