സുവേന്ദു അധികാരമേറ്റു; പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലിക്കൊടുത്തു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു എന്നിവർ പങ്കെടുത്തു. ഇവരെക്കൂടാതെ നിരവധി കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിന് സാക്ഷ്യംവഹിച്ചു.

എതിർപാളയത്തിൽനിന്ന് രാഷ്ട്രീയത്തിലെ അടവും തടവും പഠിച്ചാണ് സുവേന്ദു (56) ബംഗാളിലെ ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയാകുന്നത്. ആദ്യം കോൺഗ്രസിന്റെയും പിന്നീട് തൃണമൂലിന്റെയും ശേഷം ബി.ജെ.പി.യുടെയും നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ശിശിർ അധികാരിയുടെയും ഗായത്രി അധികാരിയുടെയും മകനായി 1970-ൽ ജനിച്ച സുവേന്ദു അച്ഛന്റെ അതേ വഴിയിലൂടെയാണ് രാഷ്ട്രീയത്തിലും വളർന്നത്.

1990-കളുടെ മധ്യത്തിൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ ശ്രദ്ധനേടിയ സുവേന്ദു, 1995-ൽ കാന്തി നഗരസഭാംഗമായി. കോൺഗ്രസുമായി തെറ്റി 2000-ത്തിൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂലിലൂടെ കാന്തി നഗരസഭാ ചെയർമാനും ബംഗാൾ നിയമസഭാംഗവുമായി. നന്ദിഗ്രാമിൽ വ്യവ്യസായസംരംഭത്തിനുവേണ്ടി ഭൂമിയേറ്റെടുക്കാനുള്ള ഇടതുസർക്കാരിന്റെ തീരുമാനത്തിനെതിരായ സമരത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന അദ്ദേഹം അക്കാലത്ത് മമതയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു. 2009-16 കാലത്ത് പാർലമെന്റംഗവുമായിരുന്നു.