വാഷിംഗ്ടണ്‍: രണ്ട് മാസത്തിലേറെയായി നിലനില്‍ക്കുന്ന സംഘർഷങ്ങള്‍ അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മില്‍ സമാധാന ധാരണയിലേക്ക് അടുക്കുന്നുവെന്ന് റിപ്പോർട്ടുകള്‍.
ധാരണപത്രത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ സന്ധിയായത്.
ഒറ്റപ്പേജുള്ള ധാരണപത്രത്തിലൂടെയാണ് ആദ്യഘട്ടത്തില്‍ സന്ധിയായത്. ഇതിനുപിന്നാലെ ഉപരോധങ്ങള്‍ നീക്കാനും ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതം പുനഃരാരംഭിക്കാനുമാണ് തീരുമാനം. ഇറാന് മേലുള്ള ഉപരോധങ്ങള്‍ അമേരിക്ക ഘട്ടംഘട്ടമായി നീക്കുമെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ സന്ധിയാകുന്നതോടെ ഇറാൻ ആണവ പദ്ധതി ഉപേക്ഷിക്കേണ്ടി വരും. അതേസമയം യുദ്ധത്തില്‍ അമേരിക്കയുടെ ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ സംഘര്‍ഷം അവസാനിപ്പിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 28ന് ആണ് ഇറാനെതിരെ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം ആരംഭിച്ചത്. രണ്ട് മാസങ്ങളായി നീണ്ടുനിന്ന സൈനിക നടപടികള്‍ പശ്ചിമേഷ്യയെ സംഘര്‍ഷാവസ്ഥയിലേക്ക് തള്ളിവിട്ടിരുന്നു. സംഘര്‍ഷം ഗള്‍ഫ് മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.



